News - 2025

ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്‌കാരം ശനിയാഴ്‌ച

പ്രവാചകശബ്ദം 22-04-2025 - Tuesday

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹസംസ്‌കാരം ശനിയാഴ്‌ച റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്ക‌ാര ചടങ്ങുകൾ ആരംഭിക്കുകയെന്ന് വത്തിക്കാൻ അറിയിച്ചു. വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ‌് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്.

കര്‍ദ്ദിനാള്‍ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ദിവ്യബലിക്ക് നേതൃത്വം നൽകും. മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം, മാർപാപ്പയുടെ മൃതദേഹമുള്ളപ്പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും സംസ്‌കാരത്തിനായി കൊണ്ടുപോകും.തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക.

റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിന് ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്നു പാപ്പ നേരത്തെ എഴുതിയിരിന്നു. ക്രിസ്‌തു ശിഷ്യന്‍റെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു. പാപ്പയുടെ അന്ത്യാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ തന്നെയാണ് കര്‍ദ്ദിനാള്‍ സംഘത്തിന്റെ തീരുമാനം. നാളെ ബുധനാഴ്ച രാവിലെ മുതൽ സെൻ്റ പീറ്റേഴ്‌സ് ബസിലിക്കയിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും.


Related Articles »