News - 2025
പൊതുദര്‍ശനം അവസാനിക്കുന്നു; ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി ഉടനെ സീല്‍ ചെയ്യും
പ്രവാചകശബ്ദം 25-04-2025 - Friday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ പൊതുദര്‍ശനത്തിനുവെച്ചിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി ഉടനെ സീല്‍ ചെയ്യും. ഇന്ന് വെള്ളിയാഴ്ച വത്തിക്കാന്‍ സമയം രാത്രി 7 വരെയായിരിക്കും (ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30 വരെ) പൊതുദര്‍ശന സമയം. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി ഇന്ന് പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ ( ഇന്ത്യന്‍ സമയം രാത്രി 11.30) പെട്ടി സീല്‍ ചെയ്യും. കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലായിരിക്കും പെട്ടി ഔദ്യോഗികമായി അടയ്ക്കുക.
കർദ്ദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ജിയോവന്നി ബാറ്റിസ്റ്റ റീ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, കർദ്ദിനാൾ റോജർ മഹോണി, കർദ്ദിനാൾ ഡൊമെനിക് മാംബെർട്ടി, കർദ്ദിനാൾ മൗറോ ഗാംബെറ്റി, കർദ്ദിനാൾ ബാൽഡാസാരെ റീന, കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി എന്നിവരും തെരഞ്ഞെടുക്കപ്പെട്ട വത്തിക്കാന്‍ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
ഫ്രാൻസിസ് പാപ്പയുടെ മൃതശരീരം സൂക്ഷിച്ച പെട്ടി സിങ്ക് കൊണ്ട് നിർമ്മിച്ച മൂടി സ്ഥാപിക്കും. മൂടിയിൽ കുരിശും പാപ്പയുടെ പേരും അദ്ദേഹത്തിന്റെ ജീവിതകാലവും ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയ ഫലകവും സ്ഥാപിക്കുമെന്നാണ് വിവരം. അതേസമയം പെട്ടി അടയ്ക്കുന്നതിന് മുന്‍പ് പാപ്പയെ അവസാനമായി ഒരു നോക്കുകാണുവാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് വത്തിക്കാനില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക. അതുവരെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും പാപ്പയുടെ മൃതശരീരം സൂക്ഷിക്കുക.
