News

പേടകം അടച്ചു, എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്; ഫ്രാന്‍സിസ് പാപ്പയ്ക്ക് അന്ത്യ യാത്രാമൊഴി നല്‍കാന്‍ ലോകം

പ്രവാചകശബ്ദം 26-04-2025 - Saturday

വത്തിക്കാൻ സിറ്റി: ലോക രാജ്യങ്ങളുടെ പ്രതിനിധികള്‍ എല്ലാവരും വത്തിക്കാനില്‍. മാധ്യമ ശ്രദ്ധ മൊത്തം വത്തിക്കാനിലേക്ക്. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലോകം അന്ത്യ യാത്രാമൊഴി നല്‍കാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ഇന്ന് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ നടത്തും. ഇന്നലെ വത്തിക്കാന്‍ സമയം രാത്രി 7നു (ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 10.30) പൊതുദര്‍ശനം അവസാനിപ്പിച്ചു. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി എട്ടിന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രാർത്ഥനകൾക്കിടെ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെല്‍ മൃതദേഹപേടകം അടച്ചു.

കർദ്ദിനാൾ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ സംസ്‌കാര ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും. സംസ്‌കാര ശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. റികൺസിലിയേഷൻ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ‌്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരു ളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അമ്പതോളം പേർ മാത്രമേ സെന്‍റ് മേരീസ് മേജര്‍ ബസിലിക്ക പള്ളിയ്ക്കകത്തെ സംസ്‌കാരകർമത്തിൽ സംബന്ധിക്കുകയുള്ളു.

അതേസമയം, ഫ്രാൻസിസ് മാർപാപ്പയ്ക്കു വിടചൊല്ലാൻ ലോകമെങ്ങും നിന്നുള്ള നേതാക്കളും വിശ്വാസികളും വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്. ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി ഇന്നലെ അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു. 170 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇതില്‍ നൂറ്റിമുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്നലെ തന്നെ വത്തിക്കാനില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.


Related Articles »