News

നൈജീരിയയില്‍ വാഹനാപകടത്തിൽ ഏഴ് കപ്പൂച്ചിൻ സന്യാസിമാർ മരിച്ചു

പ്രവാചകശബ്ദം 05-05-2025 - Monday

എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടത്തിൽ ഏഴ് കപ്പൂച്ചിൻ സന്യാസിമാർക്കു ദാരുണാന്ത്യം. മെയ് 3ന് എനുഗു സ്റ്റേറ്റിൽ നിന്ന് ക്രോസ് റിവർ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ റോഡപകടത്തിലാണ് ഇവര്‍ക്ക് ജീവൻ നഷ്ടമായത്. പതിമൂന്ന് സന്യാസിമാര്‍ സഞ്ചരിച്ച വാഹനമാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്. ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സാര്‍ത്ഥം എനുഗുവിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്.

നൈജീരിയയിലെ കപ്പൂച്ചിൻ സമൂഹത്തിന്റെ ഉത്തരവാദിത്വമുള്ള ബ്രദർ ജോൺ-കെന്നഡി, സന്യാസിമാരുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ബ്രദർ. സോമാഡിന ഇബെ-ഒജുലുഡു ഒഎഫ്എം, ബ്രദർ ചിനെഡു ന്വാചുക്വു ഒഎഫ്എം, ബ്രദർ. മാർസെൽ എസെൻവാഫോർ, , ബ്രദർ. ജെറാൾഡ് ന്യൂവോഗീസ് ഒഎഫ്എം, ബ്രദർ കിംഗ്സ്ലി ന്യൂസോസു ഒഎഫ്എം, ബ്രദർ. വിൽഫ്രഡ് അലെക്കെ ഒഎഫ്എം ബ്രദർ. ചുക്വുഡി ഒബ്യൂസ് എന്നിവരാണ് മരണപ്പെട്ടത്.



സന്യാസിമാരുടെ അപ്രതീക്ഷിത വിയോഗത്തില്‍ കപ്പൂച്ചിന്‍ സന്യാസ സമൂഹം പ്രാര്‍ത്ഥന യാചിച്ചു. പ്രാർത്ഥനയിൽ ഐക്യപ്പെടാൻ ബ്രദർ ജോൺ കെന്നഡി ആഹ്വാനം ചെയ്തു. ഇവരുടെ ആത്മാക്കളെ ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിൽ സമർപ്പിക്കുകയാണെന്നും മൃതസംസ്കാരത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ക്രോസ് റിവർ ഗവർണർ ബാസി ഒട്ടു കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ത്ഥികളുടെ ആകസ്മിക മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍








Related Articles »