News - 2025
ഉദ്യോഗസ്ഥരും കോൺക്ലേവ് ജീവനക്കാരും സത്യപ്രതിജ്ഞ നടത്തി; ലോകം ഉറ്റുനോക്കുന്ന കോണ്‍ക്ലേവ് നാളെ മുതല്‍
പ്രവാചകശബ്ദം 06-05-2025 - Tuesday
വത്തിക്കാൻ സിറ്റി: പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് നാളെ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. ഇന്നലെ മെയ് 5 തിങ്കളാഴ്ച വൈകുന്നേരം 5:30ന് അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ, വരാനിരിക്കുന്ന കോൺക്ലേവിൽ നിര്‍ണ്ണായകമായ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും രഹസ്യ സത്യപ്രതിജ്ഞ ചെയ്തു. 1996 ഫെബ്രുവരി 22 ന് പോപ്പ് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ച അപ്പസ്തോലിക് ഭരണഘടന യൂണിവേഴ്‌സി ഡൊമിനിക്കി ഗ്രെഗിസ് അനുശാസിക്കുന്നതു അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സത്യപ്രതിജ്ഞ നടന്നത്. കാമർലെംഗോ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ മൂന്ന് കർദ്ദിനാൾ സഹായികളും അംഗീകാരം ലഭിച്ച കോണ്‍ക്ലേവിലെ ജീവനക്കാരും വൈദികരും അല്‍മായരും ഏറ്റുചൊല്ലി.
കര്‍ദ്ദിനാള്‍ കോളേജിന്റെ സെക്രട്ടറി, പൊന്തിഫിക്കൽ ആരാധനക്രമങ്ങളുടെ ചുമതലയുള്ള മാസ്റ്റർ, പേപ്പല്‍ ചടങ്ങുകളുടെ മാസ്റ്റർ, കോൺക്ലേവിൽ അദ്ദേഹത്തെ സഹായിക്കാൻ തിരഞ്ഞെടുത്ത അധ്യക്ഷൻ, പേപ്പല്‍ സങ്കീര്‍ത്തിയില്‍ നിയമിക്കപ്പെട്ട രണ്ട് അഗസ്റ്റീനിയൻ സന്യാസിമാർ, ഡോക്ടർ, നഴ്‌സുമാര്‍, അപ്പസ്തോലിക് കൊട്ടാരത്തിലെ ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഭക്ഷണത്തിനും സേവനങ്ങൾക്കും ശുചീകരണത്തിനും ഉത്തരവാദികളായ ജീവനക്കാർ, സാങ്കേതിക സേവന ജീവനക്കാർ, കാസ സാന്താ മാർത്തയിൽ നിന്ന് അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് വോട്ടർമാരെ കൊണ്ടുപോകുന്നതിന് ഉത്തരവാദികളായവർ, സിസ്റ്റൈൻ ചാപ്പലിന് സമീപം നിരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊന്തിഫിക്കൽ സ്വിസ് ഗാർഡിലെ കേണലും മേജറും, വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സുരക്ഷാ സേവനങ്ങളുടെയും സിവിൽ പ്രൊട്ടക്ഷന്റെയും ഡയറക്ടർ, അദ്ദേഹത്തിന്റെ ചില സഹകാരികൾ എന്നിവരാണ് പ്രതിജ്ഞ ഏറ്റുച്ചൊല്ലിയത്.
സത്യപ്രതിജ്ഞയുടെ പ്രാധാന്യത്തെക്കുറിച്ച് നിർദ്ദേശം നല്‍കിയതിന് ശേഷമാണ് ചടങ്ങ് നടന്നത്. ശേഷം കർദ്ദിനാൾ ഫാരെലിന്റെ സാന്നിധ്യത്തിൽ, രേഖകളില്‍ ഇവര്‍ ഒപ്പുവെച്ചു. മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗുമായും സൂക്ഷ്മപരിശോധനയുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൂർണ്ണ രഹസ്യം നിലനിർത്തുമെന്ന ഗൗരവമേറിയ വാഗ്ദാനം സത്യപ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരിന്നു. ഓഡിയോ, വീഡിയോ റെക്കോർഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്കും സത്യപ്രതിജ്ഞ വേളയില്‍ ഇവര്‍ സ്ഥിരീകരിച്ചു. മാർപാപ്പ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രഹസ്യസ്വഭാവത്തിനും പവിത്രതയ്ക്കും യോജിച്ച വിധം സഭയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് എല്ലാ സഹായ ഉദ്യോഗസ്ഥരും എടുത്ത സത്യപ്രതിജ്ഞയെന്ന് ആഗോള തലത്തില്‍ നിരീക്ഷിക്കപ്പെടുന്നു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
