News - 2025
സ്ഥാനാരോഹണത്തിന് വത്തിക്കാനില്‍ ഒരുക്കിയത് പഴുതടച്ച സുരക്ഷ
പ്രവാചകശബ്ദം 19-05-2025 - Monday
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ലോകനേതാക്കളുടെ സംഗമ വേദിയായപ്പോൾ ഒരുക്കിയത് പഴുതടച്ച സുരക്ഷ. ഇറ്റാലിയൻ പോലീസിനു പുറമെ സൈനിക കമാൻഡോകളും സൈന്യത്തിലെ ബോംബ് സ്ക്വാഡുകളും ഡോഗ് സ്‌ക്വാഡുകളുമെല്ലാം രംഗത്തുണ്ടായിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോക നേതാക്കള്‍ ചടങ്ങില്‍ ഭാഗഭാക്കായതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുകളിൽ രഹസ്യ പോലീസ് സദാ നിരീക്ഷണം നടത്തി. സൈനീക വിമാനം വത്തിക്കാനു മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തി. വിമാനത്താവളങ്ങളിലേതിനു സമാനമായ ത്രിതല പരിശോധനയ്ക്കുശേഷമാണ് വിശ്വാസികളെ ചത്വരത്തിനുള്ളിലേക്ക് കടത്തിവിട്ടത്. പൊതുജന സേവനത്തിനായി നൂറുകണക്കിന് വോളൻ്റിയർമാരെയും മെഡിക്കൽ സംഘങ്ങളെയും സജ്ജീകരിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്നലെ അതിരാവിലെതന്നെ വിശ്വാസികൾ ചത്വര ത്തിലേക്കു പ്രവഹിച്ചിരുന്നു. പാപ്പ മിഷ്ണറിയായും ബിഷപ്പായും പ്രവർത്തിച്ച പെറുവിലെ ചെക്ലായ രൂപതയ്ക്കു കീഴിലുള്ള പള്ളികളിലെല്ലാം ഇന്നലെ വലിയ ടിവി സ്ക്രീനുകൾ സജ്ജമാക്കി തിരുക്കർമങ്ങൾ തത്‌സമയം കാണിച്ചു. നൂറുകണക്കിനു വിശ്വാസികളാണ് പള്ളികളിലേക്കു പ്രവഹിച്ചത്.
ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ചിക്കാഗോയിലെ വീട് സഞ്ചാരികളാൽ നിറയുകയാണ്. ദിനംപ്രതി നിരവധി പേരാണ് ഈ കൊച്ചുവീട് കാണാനും ഫോട്ടോയെടുക്കാനുമായി എത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 26ന് ഫ്രാൻസിസ് പാപ്പയുടെ കബറടക്ക ശുശ്രൂഷകൾ നടന്നപ്പോഴും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളും നൂറ്റിഅന്‍പതോളം രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധിസംഘങ്ങളും വത്തിക്കാനിൽ എത്തിയതിനാൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
