News
സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിനിധി സംഘത്തില്‍ ക്രൈസ്തവരെ ഒഴിവാക്കി; പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍
പ്രവാചകശബ്ദം 20-05-2025 - Tuesday
ലാഹോര്‍: മെയ് 18 ഞായറാഴ്ച വത്തിക്കാനിൽ നടന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഒരു ക്രിസ്ത്യൻ പ്രതിനിധിയെയും ഉൾപ്പെടുത്താത്തതിന് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ പ്രതിഷേധവുമായി രംഗത്ത്. മൂന്നംഗ പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിൽ ഇസ്ലാം മത വിശ്വാസിയും സെനറ്റ് ചെയർമാനുമായ യൂസഫ് റാസ ഗിലാനി, ഹിന്ദു-സംസ്ഥാന മതകാര്യ-മത ഐക്യ മന്ത്രി ഖേൽ ദാസ് കോഹിസ്ഥാനി, പഞ്ചാബ് പ്രവിശ്യാ ഗവൺമെന്റിലെ ന്യൂനപക്ഷകാര്യ മന്ത്രിയും സിഖ് അംഗവുമായ രമേശ് സിംഗ് അറോറ എന്നിവരെയും ഉൾപ്പെടുത്തിയെങ്കിലും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയിരിന്നു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുണ്ട്. മെയ് 18ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിലെ തെരുവുകളിൽ ക്രിസ്ത്യൻ സംഘടനകളും ഇതിനെ അപലപിച്ചുകൊണ്ട് മാർച്ച് നടത്തി. രാജ്യത്തെ ഏകദേശം മൂന്ന് ദശലക്ഷം ക്രൈസ്തവരെ വളരെ വേദനിപ്പിക്കുന്ന നടപടിയാണിതെന്ന് സംഘാടകര്‍ പ്രസ്താവിച്ചു. പാക്ക് ക്രിസ്ത്യാനികളെ തുടർച്ചയായി മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണിതെന്ന് ക്രിസ്ത്യൻ രാഷ്ട്രീയ പാർട്ടിയായ മസിഹ മില്ലത്ത് പാർട്ടിയുടെ ചെയർമാൻ അസ്ലം പെർവൈസ് സഹോത്ര റാലിയിൽ പറഞ്ഞു.
ഇത്തരമൊരു പ്രതീകാത്മകവും ആത്മീയവുമായ പരിപാടിയിൽ തങ്ങളുടെ പ്രാതിനിധ്യം അനിവാര്യമായിരുന്നു. പൂർണ്ണമായും ക്രൈസ്തവ കേന്ദ്രീകൃതമായ ചടങ്ങിലേക്ക് പാർലമെന്റിലുള്ള രണ്ട് ക്രിസ്ത്യൻ നിയമനിർമ്മാതാക്കളെ ഉള്‍പ്പെടുത്താതെ ഒരു ഹിന്ദുവിനെയും സിഖുകാരനെയും മാത്രം നാമനിർദ്ദേശം ചെയ്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പാക്കിസ്ഥാന്‍ പ്രെസ്ബിറ്റീരിയൻ ചർച്ചിന്റെ എക്യുമെനിസം ആൻഡ് ഇന്റർഫെയ്ത്ത് ഹാർമണി കമ്മീഷൻ ചെയർമാൻ പാസ്റ്റർ അംജദ് നിയാമത്തും സർക്കാരിന്റെ തീരുമാനത്തെ അപലപിച്ചു.
ബിഷപ്പുമാർ, വൈദികര്‍, സാധാരണ നേതാക്കൾ എന്നിവരുൾപ്പെടെയുള്ള പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സമൂഹത്തിന് അവരുടെ വിശ്വാസത്തെയും രാഷ്ട്രത്തെയും പ്രതിനിധീകരിക്കാനുള്ള അവസരം നൽകേണ്ടതായിരുന്നുവെന്നു അദ്ദേഹം പ്രസ്താവിച്ചു. ഇത്തരമൊരു ഒഴിവാക്കൽ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ അന്തസ്സിനോടും അവരുടെ ശബ്ദത്തോടുമുള്ള അവഗണനയെ പ്രതിഫലിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1.3 മില്യണ്‍ കത്തോലിക്ക വിശ്വാസികളാണ് പാക്കിസ്ഥാനിലുള്ളത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
