News - 2026
സമാധാന സന്ദേശവുമായി വീണ്ടും അസ്സീസിയുടെ മണ്ണിലേക്ക് ലെയോ പാപ്പ
പ്രവാചകശബ്ദം 08-10-2026 - Thursday
വത്തിക്കാന്‍ സിറ്റി: ഒക്ടോബർ 25 മുതൽ 27 വരെ അസ്സീസിയിൽവച്ച് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ലെയോ പാപ്പ പങ്കെടുക്കും. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ലോക സമാധാന ദിനത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച്, സാന്ത് എജിദിയോ സമൂഹം, ഇറ്റലിയിലെ അസ്സീസിയിൽവച്ച് നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് പാപ്പ പങ്കെടുക്കുക. 'നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ സമാധാനം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ലോകമെമ്പാടും സംഘർഷങ്ങൾ നാടകീയമായി വർദ്ധിച്ചുവരുന്നതും രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധത്തെ വീണ്ടും ഒരു മാർഗ്ഗമായി കാണുന്ന ആശങ്കാജനകമായ അന്തരീക്ഷവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ പ്രസക്തി വളരെ വലുതാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, മറ്റിടങ്ങളിൽ നിന്നുമുള്ള ആളുകളും സമ്മേളനത്തിൽ സംബന്ധിക്കും. സമാധാനവും അത് കെട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തരാവസ്ഥയും, അതോടൊപ്പം പാരിസ്ഥിതിക പ്രതിസന്ധിയും, സ്വന്തം നാടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും വർദ്ധനവ് ഉൾപ്പെടുന്ന മാനുഷിക പ്രതിസന്ധിയും സമ്മേളനത്തിൽ ചർച്ച ചെയ്യും.
സമ്മേളനത്തിന്റെ അവസാന ദിവസമായ ഒക്ടോബർ ഇരുപത്തിയേഴാം തീയതിയാണ് പാപ്പ സമ്മേളനത്തിൽ സംബന്ധിക്കുക. അസ്സീസി ആശ്രമത്തിന്റെ അധിപൻ, ഫ്രെയർ മാർക്കോ മൊറോണി ഇക്കാര്യം സ്ഥിരീകരിച്ചു. യുദ്ധങ്ങളാലും ഭിന്നതകളാലും മുറിവേറ്റ ഈ കാലഘട്ടത്തിൽ, പരസ്പര കൂടിക്കാഴ്ചയുടെയും സംവാദത്തിന്റെയും സമാധാനത്തിനായുള്ള പ്രാർത്ഥനയുടെയും ശക്തിയെ അസ്സീസി വീണ്ടും ലോകത്തെ ഓർമ്മിപ്പിക്കുന്നുവെന്നും, അവിടെ പരിശുദ്ധ പിതാവിന്റെ സാന്നിധ്യം ഏറെ വിലപ്പെട്ടതാണെന്നും ഫാ. മാർക്കോ പറഞ്ഞു. പാപ്പയുടെ അസീസി സന്ദർശന പ്രഖ്യാപനത്തെ വലിയ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറ പാപ്പ സന്ദര്‍ശിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















