News - 2025

വിവിധ രാജ്യങ്ങളുടെ തലവന്മാര്‍ വത്തിക്കാനിലെത്തി ലെയോ പാപ്പയെ സന്ദര്‍ശിച്ചു

പ്രവാചകശബ്ദം 01-07-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ ചെറിയ രാജ്യമായ സൗ തൊമേ ആൻഡ് പ്രിൻസിപ്പേയുടെയും ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമിന്റെയും ഭരണാധികാരികള്‍ വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വിയറ്റ്‌നാം വൈസ് പ്രസിഡന്റ് വോ തി ആംഹ് ക്സുവാന് ഇന്നലെ ജൂൺ 30 തിങ്കളാഴ്ച ലെയോ പതിനാലാമൻ പാപ്പ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു. രാവിലെ നടന്ന ഈ കൂടിക്കാഴ്ചയെത്തുടർന്ന് വത്തിക്കാനും മറ്റു രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറുമായും വോ തി ആംഹ് ക്സുവാൻ കൂടിക്കാഴ്ച നടത്തി.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ കൂടിക്കാഴ്ചയില്‍ പരിശുദ്ധ സിംഹാസനവും വിയറ്റ്നാമുമായുള്ള ബന്ധത്തിലെ ക്രിയാത്മകമായ വളർച്ചയെക്കുറിച്ച് ഇരു നേതൃത്വങ്ങളും സംസാരിച്ചു. വിയറ്റ്‌നാമിൽ സ്ഥിരവസതിയോടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി താമസിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വിയറ്റ്നാമിലെ പൊതുസമൂഹത്തിന് കത്തോലിക്കാസഭ നൽകുന്ന സംഭാവനകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ സ്ഥാനം പിടിച്ചു. വിയറ്റ്നാമിലെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി, രാജ്യത്തിന്റെ പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിലുള്ള വളർച്ച എന്നിവയും ചര്‍ച്ചകളില്‍ ഇടം നേടി.

സൗ തൊമേ ആൻഡ് പ്രിൻസിപ്പേ ഡെമോക്രറ്റിക് റിപ്പബ്ലിക് രാജ്യത്തിന്റെ പ്രസിഡന്റ് കാർലോസ് മാനുവൽ വില്ലയും ഇന്നലെ തിങ്കളാഴ്ച രാവിലെയാണ് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സൗ തൊമേ, പ്രിൻസിപ്പേ ദ്വീപുകൾ ഉൾക്കൊള്ളുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും നേതൃത്വങ്ങൾ തമ്മിൽ നടന്ന സൗഹാർദ്ധപരമായ ചർച്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെട്ടുവെന്നും, സാമൂഹിക-സാമ്പത്തികാവസ്ഥ, ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ കത്തോലിക്ക സഭയും രാജ്യവുമായുള്ള സഹകരണം എന്നീ വിഷയങ്ങളും ചർച്ചകളിൽ ഇടം പിടിച്ചുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.


Related Articles »