News
കാമറൂണിൽ തട്ടിക്കൊണ്ടുപോകലും പീഡനങ്ങളും തുടരുന്നു: ആശങ്ക പങ്കുവെച്ച് മെത്രാൻ സംഘത്തിന്റെ അധ്യക്ഷന്‍
പ്രവാചകശബ്ദം 02-07-2025 - Wednesday
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ വിവിധ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭീതിയിൽ കഴിയുകയാണെന്നു രാജ്യത്തെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂ ൻകെയ ഫുവാന്യ. പരിശുദ്ധ സിംഹാസനത്തിന്റെ ദിനപത്രമായ 'ഒസർവത്താരോ റൊമാനോ'യ്ക്കു അനുവദിച്ച അഭിമുഖത്തിലാണ് തട്ടിക്കൊണ്ടുപോകലുകളും മോചനദ്രവ്യം ആവശ്യപ്പെടലും പീഡനങ്ങളും പതിവായിരിക്കുന്ന കാമറൂണിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സർക്കാരും വിഘടനവാദികളും തമ്മിൽ സമാധാനം ഉണ്ടാക്കാൻ പ്രാദേശിക കത്തോലിക്കാ സഭ ശ്രമിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് ഫുവാന്യ പറഞ്ഞു.
എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ൽ വിഘടനവാദികൾ അംബാസോണിയ ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചിരിന്നു. ഇതോടെ പ്രദേശം ഭീകരാവസ്ഥയിലേക്കു കൂപ്പുകുത്തി. “അംബ ബോയ്സ്” എന്ന പേരിൽ രൂപീകൃതമായ ഒരു സംഘം കൊല നടത്തുകയും ഭീകരപ്രവർത്തനങ്ങളിലേർപ്പെടുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തുകൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് തുടരുകയാണെന്നു അദ്ദേഹം വെളിപ്പെടുത്തി. സർക്കാരും വിഘടനവാദികളും തമ്മിലുള്ള സംഭാഷണത്തിന് നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പുരോഗതി ഉണ്ടാകുകയോ പ്രശ്നപരിഹാരത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുകയോ ചെയ്തിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന തെക്ക്-പടിഞ്ഞാറന്‍, വടക്ക് - പടിഞ്ഞാറന്‍ (ആംഗ്ലോഫോണ്‍ മേഖല) മേഖലകളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. 2016-ല്‍ അഭിഭാഷകരും, അധ്യാപകരും നടത്തിയ ഒരു പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആംഗ്ലോഫോണ്‍ പ്രതിസന്ധി ഒരു സായുധ യുദ്ധമായി രൂപം പ്രാപിച്ചത്. ഈ സംഘര്‍ഷം ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, ലക്ഷകണക്കിന് ആളുകളുടെ പലായനത്തിനും കാരണമായി.
കാമറൂണിന്റെ ഭാഗവും എന്നാല്‍ 2017-ല്‍ വിഘടനവാദികള്‍ സ്വന്തന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ഇംഗ്ലീഷ ഭാഷ സംസാരിക്കുന്നവരുടെ ആംഗ്ലോഫോണ്‍ മേഖലയെയാണ് അംബാസോണിയ എന്ന് പറയുന്നത്. വടക്ക്-പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് മേഖലകളാണ് അംബാസോണിയയില്‍ ഉള്‍പ്പെടുന്നത്. നിരവധി വിഘടനവാദ സംഘടനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാമറൂണിലെ ആകെ ജനസംഖ്യയുടെ ഏകദേശം 69.2% പേരും ക്രിസ്ത്യാനികളാണ്. ഇവയില്‍ 55.5% ആളുകളും കത്തോലിക്ക വിശ്വാസികളാണ്.
