News

"നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങളുടെ മണ്ണ് നനയ്ക്കും"; സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടന

പ്രവാചകശബ്ദം 05-07-2025 - Saturday

ഡമാസ്കസ്: സിറിയയിലെ ഡമാസ്ക്കസില്‍ മുപ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക സംഘടന. ഡമാസ്കസ് മാർ ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയെ ലക്ഷ്യമിട്ടു നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിൽ വരാനിരിക്കുന്നത് ഇതിലും മോശമായ കാര്യമാണെന്നു സരായ അൻസാർ സംഘടന ഭീഷണി മുഴക്കി. ക്രൈസ്തവരെ കൃത്യമായി ലക്ഷമിട്ടിട്ടുണ്ടെന്ന വ്യക്തമായ വെളിപ്പെടുത്തല്‍ നല്‍കുന്ന പ്രസ്താവനയാണ് ഇതിലുള്ളത്.

"നിങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും, നിങ്ങളുടെ സ്ത്രീകളെ വിധവകളാക്കുകയും, നിങ്ങളുടെ കുട്ടികളെ അനാഥരാക്കുകയും ഇവിടെ ചൊരിയപ്പെടുന്ന നിങ്ങളുടെ രക്തം ഉപയോഗിച്ച് ഞങ്ങൾ ഞങ്ങളുടെ ദേശത്തെ മണ്ണ് നനയ്ക്കുകയും, ചെയ്യുമെന്ന് സത്യം ചെയ്യുന്നു. വരാനിരിക്കുന്നത് കൂടുതൽ കഠിനവും, കൂടുതൽ ഭയാനകവും, കൂടുതൽ കയ്പേറിയതുമാണെന്ന് അറിയുക. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകും, നിങ്ങൾ എല്ലാവരും തുടച്ചുനീക്കപ്പെടും. മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ ഒരു പരമ്പരയിലെ ആദ്യ പാഠമാണ്". ടെലിഗ്രാം ചാനൽ വഴി പുറത്തിറക്കിയ ഭീഷണിയില്‍ പറയുന്നു.

ഭരണമാറ്റത്തിന് ശേഷവും സിറിയയിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ മത തീവ്രവാദികള്‍ ലക്ഷ്യംവെയ്ക്കുന്നുണ്ടെന്നതിനുള്ള പ്രകടമായ തെളിവാണ് പുതിയ ഭീഷണി. കഴിഞ്ഞ ജൂൺ 21-ന്, മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 29 പേർ രക്തസാക്ഷികളാകുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ക്രൈസ്തവര്‍ക്ക് നേരെ വലിയ ഭീഷണി ഉയര്‍ത്തി സരായ അൻസാർ അൽ സുന്ന ഇസ്ലാമിക സംഘടന രംഗത്ത് വന്നിരിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »