News
ക്രൈസ്തവ വിശ്വാസിയായ സിറിയൻ മുന്‍ മേയറുടെ മോചനത്തിനായി സമ്മര്‍ദ്ധം ശക്തമാകുന്നു
പ്രവാചകശബ്ദം 26-08-2026 - Wednesday
ഡമാസ്ക്കസ്: ഒരു വർഷത്തിലേറെയായി സിറിയയിൽ തടങ്കലിൽ കഴിയുന്ന മുൻ മേയറും ക്രൈസ്തവ നേതാവുമായ സുലൈമാൻ ഖലീലിന്റെ മോചനത്തിനായി സമ്മര്‍ദ്ധം ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ-മതസ്വാതന്ത്ര്യ സംഘടനകളും ക്രൈസ്തവ സമൂഹവും വിഷയം ഉന്നയിച്ച് ശക്തമായി രംഗത്തുണ്ട്. യാതൊരു കുറ്റപത്രവും ചുമത്താതെയും നിയമസഹായം നിഷേധിച്ചുമാണ് ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നു മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. സിറിയയിലെ പുരാതന ക്രൈസ്തവ നഗരമായ 'സദാദിന്റെ' മുൻ മേയറാണ് അന്‍പത്തിയൊകാരനായ സുലൈമാൻ ഖലീൽ.
2025 ജനുവരിയിൽ ബഷാർ അൽ-അസദിന്റെ ഭരണകൂടം തകർന്നതിനെത്തുടർന്ന് അധികാരമേറ്റ അഹമ്മദ് അൽ-ഷറയുടെ പുതിയ സർക്കാരുമായി ബന്ധമുള്ള സായുധ പോരാളികൾക്കെതിരെ ശക്തമായി നിലനിന്നുക്കൊണ്ട് സദാദ് പട്ടണത്തെ പ്രതിരോധിച്ചതിനുള്ള പ്രതികാര നടപടിയായാണ് ഖലീലിന്റെ അറസ്റ്റിനെ കാണുന്നതെന്ന് 'ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ' പറയുന്നു. 2025 ഫെബ്രുവരി 8-നാണ് ഖലീലിനെ സിറിയൻ സുരക്ഷാ സേന വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിലവിൽ ഹോംസ് സെൻട്രൽ ജയിലിലെ മിലിട്ടറി വിഭാഗത്തിലാണ് ഇദ്ദേഹമുള്ളത്.
2013-ലും 2015-ലും ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ സദാദ് നഗരം ആക്രമിച്ചപ്പോൾ, പ്രദേശവാസികളെ സംഘടിപ്പിച്ച് മേഖലയില്‍ ശക്തമായ പ്രതിരോധം തീർക്കുന്നതിൽ ഖലീൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇതാണ് നഗരത്തിലെ ക്രൈസ്തവർ കൂട്ടക്കൊല ചെയ്യപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാൻ കാരണമായത്. ഭീകര സംഘടനകളിൽ നിന്ന് സ്വന്തം ഗ്രാമത്തെ സംരക്ഷിച്ചതിനുള്ള പ്രതികാര നടപടിയായാണ് പുതിയ ഭരണകൂടത്തിന് കീഴിലുള്ള അറസ്റ്റിനെ അന്താരാഷ്ട്ര സംഘടനകൾ വിശേഷിപ്പിക്കുന്നത്.
അതേസമയം വിചാരണയോ അഭിഭാഷക സൗകര്യമോ കുടുംബാംഗങ്ങളെ കാണാനുള്ള അനുമതിയോ ഇല്ലാതെയാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായവും നിഷേധിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. 'ഇൻ ഡിഫൻസ് ഓഫ് ക്രിസ്റ്റ്യൻസ്', 'ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ' (CSI) തുടങ്ങിയ പ്രമുഖ സംഘടനകൾ ഖലീലിന്റെ മോചനത്തിനായി യു.എസ് ഭരണകൂടത്തില്‍ അടിയന്തര സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















