Seasonal Reflections - 2025

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | പതിനൊന്നാം ദിവസം | ഹൃദയശുദ്ധി കാത്തു സൂക്ഷിക്കുക

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 11-07-2025 - Friday

ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും. (മത്തായി 5 : 8)

പതിനൊന്നാം ചുവട്: ഇടവിടാതെ പ്രാർത്ഥിക്കുക

ഹൃദയശുദ്ധി ഒരു വിശുദ്ധ ജീവിതത്തിന്റെ അടിത്തറയാണ്. നമ്മുടെ പ്രവൃത്തികൾ മാത്രമല്ല, നമ്മുടെ ചിന്തകളും ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും ദൈവഹിതവുമായി യോജിപ്പിച്ച് നിലനിർത്തുക എന്നതാണ് ഇതിനർത്ഥം. യഥാർത്ഥ വിശുദ്ധി ആരംഭിക്കുന്നത് നമ്മുടെ മനസ്സിൻ്റെയും ആത്മാവിൻ്റെയും ഉള്ളകളിലാണ്, അവിടെ തീരുമാനങ്ങൾ രൂപപ്പെടുകയും സ്നേഹം വളർത്തപ്പെടുകയും ചെയ്യുന്നു. വിശുദ്ധി നിറഞ്ഞ ഹൃദയം ദൈവത്തെ പ്രസാദിപ്പിക്കുക എന്നതിനപ്പുറം മറ്റൊന്നും ആഗ്രഹിക്കുന്നില്ല. അത് അഹങ്കാരം, അസൂയ, മോഹം, സ്വാർത്ഥത എന്നിവയിൽനിന്ന് ഓടിയകലുകയും പകരം എളിമ, സ്നേഹം, സത്യം നിസ്വാർത്ഥത എന്നിവ തേടുകയും ചെയ്യുന്നു.

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിൽ ജീവിച്ചിരിക്കേ തന്നെ ആന്തരിക വിശുദ്ധിയുടെ തിളക്കം ഉണ്ടായിരുന്നു. ചെറുപ്പം മുതലേ അൽഫോൻസാമ്മ പൂർണ്ണമായും ഈശോയുടെതായിരിക്കാൻ നിരന്തരം ആഗ്രഹിച്ചു. അവൾ തന്റെ ശരീരവും മനസ്സും ആത്മാവും ദൈവത്തിന് സമർപ്പിച്ചു, അവളുടെ ഹൃദയശുദ്ധി നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തി.

വേദനയ്ക്കും തിരസ്കരണത്തിനും നടുവിലും, അവൾ തന്റെ മനസ്സിനെ കയ്പും ദ്രോഹവും ഇല്ലാതെ കാത്തു സൂക്ഷിച്ചു. അവൾ നിരന്തരം തന്റെ മനസ്സാക്ഷിയെ പരിശോധിക്കുകയും തന്റെ ആഗ്രഹങ്ങൾ ഈശോയ്ക്കു സമർപ്പിക്കുകയും ചെയ്തു. വിശുദ്ധി കഠിനമായ തപശ്ചരികളിലോ മഹത്തായ പ്രവൃത്തികളിലോ മാത്രമല്ല അടങ്ങിയിരിക്കുന്നത് മറിച്ച് ഹൃദയത്തിന്റെ കൊച്ചു കൊച്ചു തീരുമാനങ്ങളിലും നിയോഗങ്ങളിലും ആണന്നു അവളുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

ഹൃദയ ശുദ്ധി കാത്തുസൂക്ഷിക്കാനായി ദൈവത്തിന്റെ സാന്നിധ്യം തേടുക എന്നതു പരമപ്രധാനമാണ്. അപ്പോൾ ഒരു നിർമ്മല ഹൃദയം പരിശുദ്ധാത്മാവിന്റെ വാസസ്ഥലമായും ലോകത്തിന് ഈശോയെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായും മാറുന്നു.

പ്രാർത്ഥന

ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ചിന്തകളും നിയോഗങ്ങളും പ്രവർത്തികളും വിശുദ്ധമായി സൂക്ഷിക്കാൻ ഞങ്ങളെ പരിശീലിപ്പിക്കണമേ. ആമ്മേൻ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »