India - 2025
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാൻ ശുഷ്കാന്തി കാണിച്ച പോലീസിന് ബജ്‌രംഗ്‌ദളിനെതിരെയുള്ള പരാതിയില്‍ നടപടിയില്ല
പ്രവാചകശബ്ദം 05-08-2025 - Tuesday
ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിച്ച ശുഷ്കാന്തി ബജ്‌രംഗ്‌ദളിനെതിരേ മൂന്നു പെൺകുട്ടികൾ നൽകിയ പരാതിയിൽ കാണിക്കാതെ ഛത്തീസ്ഗഡ് പോലീസ്. ബലാത്സംഗ ഭീഷണിയടക്കം പെൺകുട്ടികൾ നൽകിയ പരാതിയാണ് ഒരു ദിവസം പിന്നിട്ടിട്ടും എഫ്ഐആർ അടക്കമുള്ള ഒരു നടപടിയും സ്വീകരിക്കാതെ കാത്തു കിടക്കുന്നത്. കന്യാസ്ത്രീമാർ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പെണ്‍കുട്ടികളുടെ പരാതിയില്‍ നിസംഗത തുടരുകയാണ്.
കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാനായി ബലാത്സംഗ ഭീഷണിയടക്കം മുഴക്കിയ ബജ്‌രംഗ്‌ദൾ നേതാവ് ജ്യോതി ശർമയടക്കമുള്ളവർക്കെതിരേയാണു പെൺകുട്ടികൾ പരാതിയുമായി രംഗത്തുവന്നത്. കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചതിനു പിന്നാലെയാണു പെൺകുട്ടികൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. പെൺകുട്ടികൾ ആദിവാസി വിഭാഗത്തിൽപ്പെട്ടവരായിട്ടുകൂടി പരാതിക്കാർക്കെതിരേയുള്ള നടപടി ഇനിയും വൈകുന്നത് ഭരണകൂട ഭീകരതയുടെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീമാർക്കെതിരേ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നുമടക്കമുള്ള പരാതിയിൽ നടപടിയാവശ്യപ്പെട്ടു പെൺകുട്ടികൾ അഞ്ച് പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങിയതായി സിപിഐ നാരായൺപുർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഫൂൾ സിംഗ് വെളിപ്പെടുത്തി. ആദ്യം പരാതി നൽകാനായി പട്ടികജാതി - പട്ടിക വർഗങ്ങൾക്കായുള്ള പോലീസ് സ്റ്റേഷനെ സമീപിച്ചു. അവിടെ പരാതി സ്വീകരിക്കില്ലെന്നു വിശദമാക്കിയ പോലീസുകാർ എസ്‌പി ഓഫീസിലേക്കു പോകാൻ നിർദേശിച്ചു. പോലീസ് സമാന നിലപാട് തുടർന്നാൽ കോടതിയെ സമീപിക്കുവാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
