News
വിശുദ്ധ കുര്‍ബാന സമയം കണ്ടെത്താന്‍ കാത്തലിക് മാസ് ടൈംസ് ആപ്പ്; 2 ദശലക്ഷം ഡൗൺലോഡ് പിന്നിട്ടു
പ്രവാചകശബ്ദം 05-08-2025 - Tuesday
ബ്യൂണസ് അയേഴ്‌സ്: സമീപത്തുള്ള വിശുദ്ധ കുർബാന അര്‍പ്പണം കണ്ടെത്താൻ വിശ്വാസികളായ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത കത്തോലിക്ക മൊബൈൽ ആപ്ലിക്കേഷൻ 2 ദശലക്ഷം ഡൗൺലോഡുകൾ പിന്നിട്ടു. 125,000-ത്തിലധികം പള്ളികളെക്കുറിച്ചുള്ള വിവരങ്ങളുള്ള ഏറ്റവും വലിയ ചര്‍ച്ച് ഓണ്‍ലൈന്‍ ഡാറ്റാബേസായാണ് ഇതിനെ വിലയിരുത്തുന്നത്. അർജന്റീനിയൻ കംപ്യൂട്ടര്‍ സയൻസ് ബിരുദധാരിയായ പാബ്ലോ ലിച്ചേരി രൂപകല്‍പ്പന ചെയ്ത 'കാത്തലിക് മാസ് ടൈംസ്' ആപ്ലിക്കേഷനാണ് ഒന്‍പത് ഭാഷകളിലായി ഇരുപതു ലക്ഷത്തിലധികം ഡൗൺലോഡ് പിന്നിട്ടിരിക്കുന്നത്.
വിശുദ്ധ കുർബാന, കുമ്പസാരം, ആരാധന എന്നിവ ലഭ്യമായ ഏറ്റവും അടുത്തുള്ള കത്തോലിക്കാ പള്ളികൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനു Android, iOS പ്ലാറ്റ്‌ഫോമുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ലാറ്റിന്‍ അമേരിക്കയിലെ ബഹുഭൂരിപക്ഷം ദേവാലയങ്ങളും ആപ്ലിക്കേഷനിലുണ്ട്. പതിനൊന്ന് വർഷങ്ങൾക്ക് മുന്‍പ് വാരാന്ത്യങ്ങളിൽ തന്റെ പേഴ്സണൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒറ്റയ്ക്ക് പ്രോഗ്രാം ചെയ്തായിരിന്നു പാബ്ലോ ലിച്ചേരി പദ്ധതിയ്ക്കു തുടക്കം കുറിച്ചത്. വാണിജ്യ സ്പോൺസർഷിപ്പുകളോ പരസ്യങ്ങളോ ഇല്ലാതെയാണ് ആപ്പ് പ്രവർത്തിക്കുന്നത്. "ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഉപകരണം" എന്നാണ് ലിച്ചേരി ആപ്ലിക്കേഷനെ വിശേഷിപ്പിക്കുന്നത്. വിദേശത്തോ മറ്റിടങ്ങളിലോ യാത്ര ചെയ്യുന്നവര്‍ക്ക് ആപ്ലിക്കേഷന്‍ വലിയ സഹായകരമാണെന്നു അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു.
വരുന്ന ചെലവുകള്‍ താനും തന്റെ ഭാര്യയും തന്നെയാണ് വഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആഗോളതലത്തിൽ പള്ളികളുടെ ഡിജിറ്റൽ സാന്നിധ്യം പരിമിതമായതിനാൽ - ഡാറ്റ ശേഖരിക്കുന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ ഇരുനൂറിലധികം പള്ളികളുടെ വിവരങ്ങള്‍ സ്വമേധയാ അപ്‌ലോഡ് ചെയ്താണ് ലിച്ചേരി തന്റെ ഉദ്യമത്തിന് തുടക്കം കുറിച്ചത്. കാലക്രമേണ, ഉപയോക്താക്കൾ ആപ്പ് വഴി ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാന അര്‍പ്പണവും മറ്റ് വിവരങ്ങളും അപ്ഡേറ്റു ചെയ്തു സഹായിക്കുകയായിരിന്നു. ഇത് അനേകം ദേവാലയങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യുന്നതിലേക്ക് നയിച്ചു. ഓരോരുത്തരും ആയിരിക്കുന്ന ദേവാലയങ്ങളിലെ സമയം അപ്ഡേറ്റു ചെയ്യാനും ആപ്പില്‍ സംവിധാനമുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
