News
നൈജീരിയയിൽ എട്ട് മാസത്തിനിടെ 7087 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍
പ്രവാചകശബ്ദം 14-08-2025 - Thursday
അനാംബ്ര: നൈജീരിയയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 7087 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. 2025 ജനുവരി 1 മുതൽ ഓഗസ്റ്റ് 10 വരെയുള്ള 220 ദിവസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 7087 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് സംഘടന പുറത്തുവിട്ടത്.
7,800 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും ശരാശരി ദിവസേന 30 പേർ കൊല്ലപ്പെടുന്നുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശരാശരി 35 പേരെ തട്ടിക്കൊണ്ടുപോകുന്നു. നൈജീരിയ 22 ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾക്കു സുരക്ഷിത കേന്ദ്രമാണെന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. 2009 മുതൽ 1,25,009 ക്രൈസ്തവരും, 60,000 മിതവാദികളായ ഇസ്ലാം മതസ്ഥരും ഉൾപ്പെടെ 1,85,009 പേർ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 19,100 ദേവാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ക്രൈസ്തവര്‍ കൂടുതലായി അധിവസിച്ച 600 ക്രിസ്ത്യൻ ഗ്രാമങ്ങൾ നാമാവശേഷമായെന്നും നിരവധി വൈദികരെയും സന്യസ്തരെയും തട്ടിക്കൊണ്ടുപോയതായും സംഘടന ചൂണ്ടിക്കാട്ടുന്നു.
സർക്കാർ സംരക്ഷണം നൽകാൻ പരാജയപ്പെട്ടെന്നും, പ്രതികളെ പിടികൂടാതെ ഇരകളെ അറസ്റ്റ് ചെയ്യുന്നതാണ് രാജ്യത്തു നടക്കുന്നതെന്നും സംഘടന ചെയർമാൻ എമേക്ക ഉമേഗ്ബലാസി ആരോപിച്ചു. 250 കത്തോലിക്ക വൈദികരും 350 പാസ്റ്റർമാരും ഉൾപ്പെടെ 600 ക്രൈസ്തവ നേതൃ നിരയിലുള്ളവരെ തട്ടിക്കൊണ്ടുപോയിരിന്നു. 2010 മുതൽ നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങളും വിശ്വാസപരമായ അസഹിഷ്ണുതയും മറ്റും നിരീക്ഷിക്കുന്ന സംഘടനയാണ് ഇന്റർസൊസൈറ്റി. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഐഎസ്ഡബ്ല്യുഎപി, ഫുലാനി തീവ്രവാദികൾ എന്നിവരാണ് ക്രൈസ്തവര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
