News - 2024
ജീവിതം സാത്താനായി തുറന്നു നല്‍കുന്ന പ്രവര്‍ത്തിയാണ് മന്ത്രവാദം: മെക്സിക്കന്‍ ഭൂതോച്ചാടകന്റെ മുന്നറിയിപ്പ്
പ്രവാചകശബ്ദം 22-12-2023 - Friday
മെക്സിക്കോ സിറ്റി: മന്ത്രവാദം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് പിന്നാലെ പോകുന്നവര്‍ തന്റെ ജീവിതം സാത്താനായി തുറന്നു നല്‍കുകയാണെന്നു മെക്സിക്കന്‍ ഭൂതോച്ചാടകന്‍. ദൈവത്തെയും, ദൈവീക പരിപാലനയെയും നിഷേധിക്കുന്നതിനാല്‍ മന്ത്രവാദം ഒന്നാം പ്രമാണത്തിന് എതിരാണെന്നും അതിനാല്‍ തന്നെ എപ്പോഴും ദോഷകരമാണെന്ന് മെക്സിക്കോ അതിരൂപതയുടെ കോളേജ് ഓഫ് എക്സോര്‍സിസ്റ്റ് തിയോളജിക്കല്‍ കമ്മിറ്റിയുടെ കോര്‍ഡിനേറ്ററും പ്രമുഖ ഭൂതോച്ചാടകനുമായ ഫാ. ആല്‍ബര്‍ട്ടോ മെഡെല്‍ പറഞ്ഞു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ആല്‍ബര്‍ട്ടോ, ''നന്മകള്‍ വരുത്തുവാന്‍ വേണ്ടി'' എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്ന മന്ത്രവാദത്തിന്റെ പൈശാചിക സ്വാധീനങ്ങള്‍ തുറന്നുക്കാട്ടിയത്.
മന്ത്രവാദങ്ങള്‍ക്ക് ശക്തിയുണ്ടെന്നും, അവ ഫലിക്കുമെന്നും മനുഷ്യരെ വിശ്വസിപ്പിക്കുവാന്‍ സാത്താന്‍ അവരുടെ അജ്ഞതയും അന്ധവിശ്വാസവും മുതലെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് അതിമാനുഷിക ശക്തികളുണ്ടെന്ന് മനുഷ്യനെക്കൊണ്ട് വിശ്വസിപ്പിക്കുവാനുള്ള സാത്താന്റെ കുടിലതയാണിത്. അത് യഥാര്‍ത്ഥമല്ല. കാരണം ദൈവത്തെ ജയിക്കുവാനോ, അവനെ മറികടക്കുവാനോ ഉള്ള ഒരു ആഗ്രഹമാണ് മന്ത്രവാദങ്ങളില്‍ പ്രകടമാകുന്നത്. അത് ദൈവത്തിന്റെ നിയമമായ പത്തു കല്‍പ്പനകളിലെ ആദ്യകല്‍പ്പനക്ക് എതിരാണ്.
മന്ത്രവാദങ്ങള്‍ വഴി മനുഷ്യന്‍ ക്രമേണ തന്റെ ജീവിതം സാത്താന്റെ പ്രവര്‍ത്തികള്‍ക്കായി തുറന്നു നല്‍കുകയാണ്. തങ്ങള്‍ ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനത്തിലാണ് എന്ന് തോന്നുന്നവര്‍ ഇടവകവികാരിയുടെ ഉപദേശം സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഭൂതോച്ചാടകന്റെ ഇടപെടല്‍ ആവശ്യമാണോയെന്ന് നിശ്ചയിക്കുന്നത് ഇടവക വികാരിയാണ്. നിരന്തര കുമ്പസാരം, വിശുദ്ധ കുര്‍ബാനയിലെ സമ്പൂര്‍ണ്ണ പങ്കാളിത്തം, പ്രാര്‍ത്ഥനാ ജീവിതം എന്നിവയാണ് അന്ധവിശ്വാസത്തെ മറികടക്കുവാനും ദൈവത്തോട് വിശ്വസ്തരായിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞു.