News - 2026

തമിഴ്നാട് സ്വദേശിയായ വൈദികന്‍ കനേഡിയന്‍ അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 18-11-2025 - Tuesday

ഒന്‍റാരിയോ: കാനഡയിലെ കീവാറ്റിൻ-ലെ പാസിന്റെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി ഇന്ത്യൻ വൈദികനായ ഫാ. സുസായ് ജെസുവിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. മിഷ്ണറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സമൂഹാംഗമായ അദ്ദേഹം നിലവിൽ എഡ്മണ്ടണിലെ മെട്രോപൊളിറ്റൻ അതിരൂപതയിലെ സേക്രഡ് ഹാർട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിൾസിന്റെ പ്രോവിൻഷ്യൽ കൗൺസിലറായും ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരിന്നു.

1971 മെയ് 17ന് തമിഴ്നാട്ടിലെ തീരദേശ ജില്ലയായ നാഗപട്ടണം പുഷ്പവനത്തിലാണ് നിയുക്ത മെത്രാനായ സൂസായ് ജെസുവിന്റെ ജനനം. ബാംഗ്ലൂരിലെ ധർമ്മാരാം വിദ്യാ ക്ഷേത്രത്തിൽ തത്ത്വചിന്തയും അഷ്ടയിലെ ക്രിസ്റ്റ് പ്രേമാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിൽ ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് ഒട്ടാവയിലെ സെന്റ് പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് പാസ്റ്ററൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം നേടി. 2000 ജൂലൈ 27ന് പൗരോഹിത്യം സ്വീകരിച്ചു.

മധ്യപ്രദേശിലെ ബാലഘട്ട്, വടക്കേ ഇന്ത്യയിലെ സുരള കപ്പ, തമിഴ്‌നാട്ടിലെ കൊമ്പാടിമധുരൈ, സാൻഡി ബേയിലെ പെലിക്കൻ നാരോസ് തുടങ്ങീ വിവിധ ഇടവകകളില്‍ സേവനം ചെയ്തു. 2017 മുതൽ, എഡ്മണ്ടണിലെ സേക്രഡ് ഹാർട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിൾസ് ഇടവക വികാരിയായും സേവനമനുഷ്ഠിച്ചു. കാനഡയിലേക്ക് തന്നെ കൊണ്ടുവന്ന ഒബ്ലേറ്റു സമൂഹത്തോട് നന്ദിയുള്ളവനാണെന്നും പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്നും ഫാ. സുസായ് ജെസു പ്രതികരിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »