News
വത്തിക്കാനിൽ നൂറിലധികം പുൽക്കൂട്; പ്രദർശനത്തിന് ആരംഭം
പ്രവാചകശബ്ദം 09-12-2025 - Tuesday
വത്തിക്കാന്‍ സിറ്റി: എല്ലാ വര്‍ഷവും ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്തിവരാറുള്ള തിരുപിറവി ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള 'നൂറു പുൽക്കൂട് പ്രദർശനം' ആരംഭിച്ചു. ഇന്നലെ ഡിസംബർ എട്ടാം തീയതി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് മോൺ. റീനോ ഫിസിക്കെല്ല പ്രദർശനം ഉദ്‌ഘാടനം ചെയ്തു. 32 രാജ്യങ്ങളിൽ നിന്നുള്ള, 132 പുൽക്കൂടുകളാണ് പ്രദർശനത്തിനായി തുറന്നുകൊടുത്തത്. സൗജന്യ പ്രദർശനം 2026 ജനുവരി 8 വരെ നീളും.
ഇന്ത്യ, ഇറ്റലി, ഫ്രാൻസ്, ക്രൊയേഷ്യ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, സ്ലൊവേനിയ, റൊമാനിയ, സ്വിറ്റ്സർലൻഡ്, അമേരിക്ക, പെറു, എറിത്രിയ, കൊറിയ, വെനിസ്വേല, തായ്‌വാൻ, ബ്രസീൽ, ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പരാഗ്വേ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രാജ്യങ്ങള്‍ പുൽക്കൂടുകൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
കാലങ്ങളായി ക്രിസ്തുമസ് കാലത്ത്, വത്തിക്കാൻ ചത്വരത്തിന്റെ മനോഹാരിത പതിമടങ്ങു വർധിപ്പിക്കുന്ന വിധത്തിലാണ് ഈശോയുടെ ജനനം ചിത്രീകരിക്കുന്ന നൂറു പുൽക്കൂടുകളുടെ പ്രദർശനം. ജാപ്പനീസ് പേപ്പർ, സിൽക്ക്, റെസിൻ, കമ്പിളി, തേങ്ങ, ഗ്ലാസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിച്ച പുല്‍ക്കൂടുകളാണ് പ്രദര്‍ശനത്തിലുള്ളത്. എല്ലാ ദിവസങ്ങളിലും, വൈകുന്നേരം ഏഴു മണി വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണുവാൻ അവസരമുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















