India

തിരുത്തലുകൾ നടത്താനുള്ള അവസരമാണ് വിശുദ്ധവാരം: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 30-03-2026 - Monday

കൊച്ചി: ജീവിതത്തിൽ തിരുത്തലുകൾ നടത്താനുള്ള അവസരമാണ് വിശുദ്ധവാരം നമുക്കു തുറന്നുനൽകുന്നതെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേ ശം നൽകുകയായിരുന്നു അദ്ദേഹം. ഓശാനയെന്ന ആഘോഷം നമ്മെ വിളിക്കുന്നത് സമതലങ്ങളിലേക്കല്ല, കല്ലും മുള്ളുമുള്ള കാൽവരിയിലേക്കാണെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.

പുണ്യം ചെയ്യുന്നവരേക്കാൾ പാപികളെ പരിഗണിക്കുന്ന ക്രിസ്‌തുവാണ് നമ്മുടെ രക്ഷകൻ. ഗാഗുൽത്തായിലെ വലതുവശത്തെ കള്ളൻ തിരുത്താൻ കാണിച്ച മാതൃക പാഠമാണ്. തിരുത്താൻ കഴിയ ണമെങ്കിൽ സഹനങ്ങൾ ഏറ്റെടുക്കണം. വാക്കുകൊണ്ട് തിരുത്തുന്നതിനേക്കാൾ ജീവിതംകൊണ്ടു തിരുത്തുന്നതാണ് ദൈവത്തിനു പ്രിയങ്കരം. ഓശാനയെന്ന ആഘോഷം നമ്മെ വിളിക്കുന്നത് സമതലങ്ങളിലേക്കല്ല, കല്ലും മുള്ളുമുള്ള കാൽവരിയിലേക്കാണ്. മ്മുടെ സങ്കടങ്ങളും കണ്ണീരുമെല്ലാം ദൈവത്തിന്റെ വഴിയിലൂടെ നമ്മെ വഴി നടത്തുന്ന നക്ഷത്രങ്ങളായി കാണണം. നമ്മുടെ സങ്കടങ്ങളെ കുരിശോടു ചേർത്തുപിടിക്കാൻ നമുക്കാകണം.

ലോകത്തെ തെരഞ്ഞെടുക്കണമോ ദൈവത്തെ തെരഞ്ഞെടുക്കണമോ എന്നുള്ള തെരഞ്ഞെടുപ്പിൻ്റെ വേളകൂടിയാണ് വിശുദ്ധവാരം. ദൈവത്തെക്കൂടാതെ നമുക്കു ജീവിക്കാനാകുമെന്ന ചിന്തയെ തിരുത്താൻ ഓശാനത്തിരുനാൾ ഓർമിപ്പിക്കുന്നുവെന്നും മാർ തട്ടിൽ പറഞ്ഞു.

എറണാകുളംഅങ്കമാലി അതിരൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ആന്‍റോ ചേരാംതുരുത്തി, ഫാ. ഡോ. ജോസ് പുതിയേടത്ത്, ബസിലിക്ക അഡ്‌മിനിസ് ട്രേറ്റർ ഫാ. തോമസ് മങ്ങാട്ട് എന്നിവർ സഹകാർമികരായിരുന്നു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസ്സി കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായി. സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യസഹകാർമികനായിരുന്നു.


Related Articles »