Life In Christ

ചെറുപുഷ്പ മിഷൻ ലീഗ്: ഒരു ചെറുപുഷ്പത്തിൽ വിരിഞ്ഞ മിഷൻ ചൈതന്യം

ബ്ര. ജോസഫ് സിറാജ് 30-09-2026 - Wednesday

“മിഷനെ അറിയുക, മിഷനെ സഹായിക്കുക, മിഷ്ണറിയാകുക.” ഈ മൂന്ന് വാക്കുകളിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആത്മാവ് മുഴുവൻ അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഒരു സംഘടന എന്നതിലുപരി, പ്രാർത്ഥനയിലൂടെയും ത്യാഗത്തിലൂടെയും സേവനത്തിലൂടെയും സഭയുടെ പ്രേഷിത ദൗത്യത്തിൽ പങ്കുചേരാൻ ഒരു തലമുറയെ പരിശീലിപ്പിക്കുന്ന ആത്മീയ പ്രസ്ഥാനമാണ് ചെറുപുഷ്പ മിഷൻ ലീഗ് (CML). ഒരു ചെറിയ കൂട്ടായ്മയായി ആരംഭിച്ച ഈ മുന്നേറ്റം, പിന്നീട് കേരളത്തിന്റെ അതിരുകൾ കടന്ന് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വളർന്നത്, അതിന്റെ മിഷൻ ചൈതന്യത്തിന്റെ ശക്തമായ സാക്ഷ്യമാണ്.

ഒരു സ്വപ്നത്തിന്റെ തുടക്കം ‍

സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ സഹായിക്കുകയും കേരളസഭയിൽ നിന്ന് പ്രേഷിത ദൈവവിളികൾ കണ്ടെത്തുകയും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ചെറുപുഷ്പ മിഷൻ ലീഗിന്റെ ജനനം. ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി. സി. അബ്രഹാം പല്ലാട്ടുകുന്നേൽ എന്ന “കുഞ്ഞേട്ടന്റെയും” നേതൃത്വത്തിൽ 1947 ഒക്ടോബർ 3-ന് ഭരണങ്ങാനത്താണ് ഈ പ്രസ്ഥാനം രൂപമെടുത്തു. അതിന് പിന്നിൽ ഒരു വ്യക്തിയുടെ മാത്രം സ്വപ്നമല്ലായിരുന്നു. മിഷനറിമാരെ സഹായിക്കണം, അവർക്കായി പ്രാർത്ഥിക്കണം, കൂടുതൽ പേർ മിഷൻ പ്രവർത്തനത്തിലേക്ക് കടന്നുവരണം എന്ന ആഗ്രഹം പലരുടെയും ഹൃദയത്തിലുണ്ടായിരുന്നു. ആ ആഗ്രഹങ്ങൾക്ക് ഒരു സംഘടനാപരമായ രൂപം നൽകുകയായിരുന്നു മിഷൻ ലീഗ്.

മിഷൻ ലീഗിന്റെ ചരിത്രം ആരംഭിക്കുമ്പോൾ നമ്മൾ പ്രത്യേകമായി ഓർക്കേണ്ട പേരാണ് “കുഞ്ഞേട്ടൻ”. ബാല്യത്തിൽ തന്നെ ഭാരതത്തിന്റെ ലിസ്യൂ റാണിയായ *വിശുദ്ധ അൽഫോൻസാമ്മയിൽ നിന്ന്* ലഭിച്ച പ്രചോദനം അദ്ദേഹത്തിന്റെ ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. “നന്നായി പഠിക്കണം, നന്നായി ജീവിക്കണം, നന്നായി പ്രാർത്ഥിക്കണം, മിഷനെ സഹായിക്കണം, മിഷനറിയാകണം, സുകൃതജപങ്ങൾ ചൊല്ലി അവ മിഷന് കാഴ്ചവെക്കണം” എന്ന അൽഫോൻസാമ്മയുടെ പ്രചോദനം കുഞ്ഞേട്ടന്റെ ജീവിതത്തിൽ ഒരു വിത്തായി വീണു. പിന്നീട് ആ വിത്ത് ഒരു വലിയ പ്രസ്ഥാനമായി വളർന്നു.

സുകൃതങ്ങളിൽ നിന്ന് മിഷൻ ലീഗിലേക്ക് ‍

കുഞ്ഞേട്ടനും കൂട്ടുകാരും ചേർന്ന് ആദ്യം ആരംഭിച്ചത് വലിയ പദ്ധതികളൊന്നുമല്ല. ഏതാനും കുട്ടുകാരെ വിളിച്ചുകുട്ടി, സാധിക്കുമ്പോഴൊക്കെ അവർ ഒരുമിച്ചു ചേർന്നു. ചർച്ച ചെയ്തു. പ്രാർത്ഥിച്ചു. മിഷൻ രംഗത്തെ പ്രാർത്ഥനകൊണ്ട് സഹായിക്കുന്നതിന് 'സുകൃത ഫോറം' തയ്യാറാക്കി. ചെറുപുഷ്‌പം പ്രസ് മാനേജരായിരുന്ന ഫാ. ലേത്തൂസ് വലിയചേന്നാട്ട് സി.എം.ഐ. 200 സുകൃത ഫോറം സൗജന്യമായി അച്ചടിച്ച് നൽകി. അവ ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളിലും കൂട്ടുകാരുടെ ഇടയിലും വിതരണം ചെയ്തു.

കുട്ടികൾ സുകൃതങ്ങൾ അർപ്പിക്കുകയും അവ മിഷൻ പ്രദേശങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മിഷൻ പ്രവർത്തനം എല്ലായ്പ്പോഴും വലിയ കാര്യങ്ങളിൽ നിന്നല്ല ആരംഭിക്കുന്നത്. ഒരു ചെറിയ പ്രാർത്ഥനയിൽ നിന്നും, ഒരു ചെറിയ ത്യാഗത്തിൽ നിന്നും, ഒരു ചെറിയ സുകൃതത്തിൽ നിന്നും പോലും ഒരു വലിയ മിഷൻ പ്രസ്ഥാനം ആരംഭിക്കാം എന്ന് ഇവരുടെ ജീവിതം നമ്മുക്ക് കാട്ടിത്തന്നു.

വിശുദ്ധ അൽഫോൻസാമ്മയിൽ നിന്ന് വിശുദ്ധ കൊച്ചുത്രേസ്യായിലേക്ക് ‍

കുഞ്ഞേട്ടന്റെ ജീവിതത്തിൽ വിശുദ്ധ അൽഫോൻസാമ്മ നൽകിയ പ്രചോദനം നിർണായകമായിരുന്നു. എന്നാൽ മിഷൻ ലീഗിന്റെ ആത്മീയ യാത്രയിൽ വിശുദ്ധ കൊച്ചുത്രേസ്യായെ ഈശോചേർത്തുവെച്ചു. കുഞ്ഞേട്ടന്റെ നേതൃത്വത്തിൽ ഏഴ് പേരുടെ ആദ്യ ഗ്രൂപ്പ് ഭരണങ്ങാനത്ത് രൂപീകരിച്ചു. അതിന് “ചെറുപുഷ്പ മിഷൻ ലീഗ്” എന്ന പേര് നല്കി. ചെറുപുഷ്‌പം എന്ന വാക്കിന് വി. കൊച്ചുത്രേസ്യായോടും, മിഷൻ ലീഗ് എന്നതിന് വി. അൽഫോൻസാമ്മയോടുമാണ് കടപ്പാട് എന്ന് കുഞ്ഞേട്ടൻ പറയുമായിരുന്നു. അതെ, ഒരു വിശുദ്ധയിൽ നിന്ന് ലഭിച്ച മിഷൻ പ്രചോദനവും മറ്റൊരു വിശുദ്ധയുടെ ചെറിയ വഴിയിലുള്ള ആത്മീയതയും ചേർന്നാണ് ഈ പ്രസ്ഥാനത്തിന്റെ ആത്മാവ് രൂപപ്പെട്ടത്.

ഒരു ചെറിയ വിത്ത് വളർന്നപ്പോൾ...! ‍

ചെറുപുഷ്പ മിഷൻ ലീഗ് അതിവേ​ഗം വളരാൻ തു‍ടങ്ങി. 1947-ൽ തന്നെ പൂവത്തോട് ഇടവകയിൽ രണ്ടാമത്തെ ശാഖ ആരംഭിച്ചു. 1948-ൽ അമ്പാറനിരപ്പേലിൽ മൂന്നാമത്തെ ശാഖയും രൂപപ്പെട്ടു. 1948 ഒക്ടോബർ 24-ന് ഭരണങ്ങാനത്ത് ആദ്യ വാർഷികവും ആഘോഷിച്ചു. അങ്ങനെ 1972 ആയപ്പോഴേക്കും മിഷൻ ലീഗ് കേരളത്തിന് പുറത്തുള്ള രൂപതകളിലേക്കും വ്യാപിച്ചു. ഏകദേശം 1300-ൽപരം ശാഖകളും മൂന്നര ലക്ഷത്തോളം അംഗങ്ങളുമുള്ള ഏഷ്യയിലെ വലിയ അൽമായ പ്രേഷിത സംഘടനകളിലൊന്നായി ഇത് വളർന്നു.

പിന്നീട് ഇന്ത്യയ്ക്കു പുറത്തേക്കും പ്രവർത്തനം വ്യാപിച്ചു. അമേരിക്ക, കാനഡ, യു.കെ., ഇറ്റലി, ഓസ്ട്രേലിയ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും മിഷൻ ലീഗിന്റെ പ്രവർത്തനം ഇന്ന് സജീവമാണ്. ഒരു ചെറിയ സ്ഥലത്ത് ഏഴ് പേരുമായി ആരംഭിച്ച പ്രവർത്തനം ഇത്രയധികം ആളുകളിലേക്ക് എത്തിയത് ഒരു സംഘടനയുടെ വളർച്ച മാത്രമല്ല; മിഷൻ ചൈതന്യം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകരുന്നതിന്റെ ചരിത്രമാണ്.

ദൈവവിളികളുടെ നഴ്സറി ‍

ചെറുപുഷ്പ മിഷൻ ലീഗിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനകളിലൊന്നാണ് ദൈവവിളികളെ പ്രോത്സാഹിപ്പിച്ചത്. നാളിതുവരെ 60ൽ പരം വൈദിക മേലധ്യക്ഷന്മാരും 50000ത്തിൽപരം വൈദികരും അതിലേറെ സമർപ്പിതരും ദൈവവിളിയുടെ നേഴ്‌സറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെറുപുഷ്‌പ മിഷൻ ലീഗിലൂടെ വളർന്ന് സഭയിൽ ശുശ്രൂഷ ചെയ്‌തു വരുന്നു.

ഒരു കുട്ടി മിഷൻ ലീഗിൽ അംഗമാകുമ്പോൾ, അവൻ ഒരു ബാഡ്ജ് ധരിക്കുന്നതോ ഒരു സംഘടനയിൽ ചേരുന്നതോ മാത്രമല്ല.

ദൈവത്തിന്റെ വിളി കേൾക്കാൻ പഠിക്കുന്ന ഒരു ആത്മീയ യാത്രയിലേക്കാണ് അവൻ പ്രവേശിക്കുന്നത്. അഭിമാനത്തോടെ പറയട്ടെ, ഞാൻ ഉൾപ്പെടുന്ന നമ്മുടെ ഇടവകയിൽ നിന്ന് സെമിനാരികളിലേക്കും മഠങ്ങളിലേക്കും പോയിട്ടുള്ളവരിൽ 95% പേരും ചെറുപുഷ്പ മിഷൻ ലീഗിന്റെ സന്താനങ്ങളാണ്. ഞങ്ങൾ പ്രാർത്ഥിക്കാനും, പ്രവർത്തിക്കാനും, സംസാരിക്കാനും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും ഒക്കെ പഠിച്ചത് ചെറുപുഷ്പ മിഷൻ ലീഗ് വഴിയാണ്.

മിഷൻ ലീഗിന്റെ സ്വർഗീയ മധ്യസ്ഥ: വിശുദ്ധ കൊച്ചുത്രേസ്യാ ‍

സ്വർഗത്തിലേക്കുള്ള കുറുക്കുവഴി സ്നേഹമാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച വിശുദ്ധയാണ് കൊച്ചുത്രേസ്യാ. വലിയ പ്രേഷിത യാത്രകൾ നടത്താനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനോ അവൾക്ക് കഴിഞ്ഞില്ല. എന്നാൽ തന്റെ മഠത്തിനുള്ളിൽ നിന്ന് പ്രാർത്ഥനയിലൂടെയും ത്യാഗത്തിലൂടെയും സ്നേഹത്തിലൂടെയും ലോകത്തിന്റെ മിഷൻ പ്രവർത്തനങ്ങളെ സഹായിച്ചു. ഇതാണ് കൊച്ചുത്രേസ്യായുടെ ജീവിതത്തെ മിഷൻ ലീഗ് അംഗങ്ങൾക്ക് ഇത്രയധികം പ്രസക്തമാക്കുന്നത്. മിഷനറി ആകാൻ ദൂരദേശങ്ങളിലേക്ക് പോകണമെന്നില്ല. മിഷനറി ഹൃദയം ഉണ്ടായാൽ മതിയെന്ന് വി. കൊച്ചുത്രേസ്യ നമ്മെ പഠിപ്പിച്ചു.

ഓർക്കുക...

ഒരു ചെറിയ പ്രാർത്ഥന മിഷനാകാം.

ഒരു ചെറിയ ത്യാഗം മിഷനാകാം.

ഒരു നല്ല വാക്ക് മിഷനാകാം.

ഒരു സഹനപ്രവൃത്തി മിഷനാകാം.

ഒരു ദരിദ്രനോടുള്ള സ്നേഹം മിഷനാകാം.

1927 ഡിസംബർ 14-ന് പതിനൊന്നാം പീയൂസ് മാർപാപ്പ വിശുദ്ധ കൊച്ചുത്രേസ്യായെ ആഗോള മിഷൻ പ്രവർത്തനങ്ങളുടെ സ്വർഗീയ മധ്യസ്ഥയായി പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ മിഷൻ ലീഗിന്റെ ആത്മീയ യാത്രയിൽ കൊച്ചുത്രേസ്യായ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഒക്ടോബർ ഒന്നാം തീയതി വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിൽ മിഷൻ ലീഗ് അംഗങ്ങൾ അംഗത്വ നവീകരണം നടത്തുന്നതും ഈ ആത്മീയ ബന്ധത്തിന്റെ മനോഹരമായ പ്രകടനമാണ്.

മിഷൻ ലീഗിന്റെ ഉപമധ്യസ്ഥർ ‍

വിശുദ്ധ കൊച്ചുത്രേസ്യായോടൊപ്പം മിഷൻ ലീഗിന്റെ പ്രേഷിത ചൈതന്യത്തെ ഓർമിപ്പിക്കുന്ന മൂന്ന് പ്രധാന വിശുദ്ധ വ്യക്തിത്വങ്ങളാണ് ഉപമധ്യസ്ഥർ. വിശുദ്ധ തോമാശ്ലീഹാ – വിശ്വാസത്തിന്റെ വിത്തുവിതച്ച അപ്പസ്തോലൻ: എന്റെ കർത്താവേ, എന്റെ ദൈവമേ! എന്ന് വിശ്വാസം പ്രഖ്യാപിച്ച തോമാശ്ലീഹാ യേശുവിന്റെ സ്നേഹത്തെപ്രതി ഭാരതത്തിലേക്ക് യാത്ര ചെയ്തു. കേരളത്തിൽ സുവിശേഷത്തിന്റെ വിത്ത് വിതച്ച അപ്പസ്തോലനായി അദ്ദേഹത്തെ മിഷൻ ലീഗ് പ്രത്യേകമായി അനുസ്മരിക്കുന്നു.

വിശുദ്ധ ഫ്രാൻസീസ് സേവ്യർ – പ്രേഷിത തീക്ഷ്ണതയുടെ മാതൃക : വിശുദ്ധ തോമാശ്ലീഹാ തെളിച്ച വിശ്വാസത്തിന്റെ ദീപശിഖ കൂടുതൽ തീക്ഷ്ണതയോടെ പ്രകാശിപ്പിച്ച വിശുദ്ധനാണ് ഫ്രാൻസീസ് സേവ്യർ. യേശുവിനോടുള്ള സ്നേഹത്തെപ്രതി ഭാരതത്തിൽ സുവിശേഷം പ്രസംഗിച്ച അദ്ദേഹം “ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ” എന്ന പേരിലും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതം മിഷൻ ലീഗ് അംഗങ്ങൾക്ക് ഒരു ചോദ്യം ഉയർത്തുന്നുണ്ട്: “എനിക്ക് ലഭിച്ച വിശ്വാസം ഞാൻ മറ്റൊരാളിലേക്ക് എങ്ങനെ എത്തിക്കും?”

വിശുദ്ധ അൽഫോൻസാമ്മ – മിഷൻ പ്രചോദനത്തിന്റെ ഉറവിടം : വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതമാതൃക സ്വന്തമാക്കി വിശുദ്ധ ജീവിതം നയിച്ച വിശുദ്ധ അൽഫോൻസാമ്മ മിഷൻ ലീഗിന്റെ മറ്റൊരു ഉപമധ്യസ്ഥയാണ്. “മിഷനെ അറിയുക, മിഷനെ സഹായിക്കുക, മിഷനറിയാകുക” എന്ന സന്ദേശം മിഷൻ ലീഗിന്റെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. കുഞ്ഞേട്ടന്റെ ജീവിതത്തിലും മിഷൻ ലീഗിന്റെ തുടക്കത്തിലും അൽഫോൻസാമ്മ നൽകിയ പ്രചോദനം നിർണായകമായിരുന്നു.

അങ്ങനെ നോക്കുമ്പോൾ, കൊച്ചുത്രേസ്യായുടെ സ്നേഹവും, തോമാശ്ലീഹായുടെ വിശ്വാസവും, ഫ്രാൻസീസ് സേവ്യറിന്റെ പ്രേഷിത തീക്ഷ്ണതയും, അൽഫോൻസാമ്മയുടെ മിഷൻ പ്രചോദനവും മിഷൻ ലീഗിന്റെ ആത്മീയ ജീവിതത്തിൽ ഒന്നിച്ചുചേരുന്നു.

“ഭാരതമേ, നിൻ രക്ഷ നിൻ മക്കളിൽ...” ‍

മിഷൻ ലീഗിന്റെ പ്രേഷിത ചൈതന്യത്തെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന ഒന്നാണ് അതിന്റെ മിഷൻ ആന്തം. 1982 ഒക്ടോബർ 9, 10 തീയതികളിൽ മൂവാറ്റുപുഴയിൽ നടന്ന 35-ാം വാർഷിക സമ്മേളനത്തിലാണ് മിഷൻ ആന്തം ആദ്യമായി ആലപിച്ചത്. ഫാ. ആബേൽ സി.എം.ഐ. ആണ് ഇതിന്റെ രചയിതാവ്. ആന്തത്തിന്റെ ആദ്യ വരികൾ തന്നെ മിഷൻ ലീഗിന്റെ ദൗത്യം വ്യക്തമാക്കുന്നു:

“ഭാരതമേ, നിൻ രക്ഷ നിൻ മക്കളിൽ,

ആർഷ പൂവനമേ, നിൻ ശാന്തി നിൻ കൈകളിൽ,

സോദരരേ, കൈകോർത്തു മുന്നേറുവിൻ,

സത്യകാഹളം മുഴക്കി മുന്നേറുവിൻ.

ഇത് ഒരു ഗാനം മാത്രമല്ല. ഒരു വിളിയാണ്. രാജ്യത്തിനായി, സഭയ്ക്കായി, സുവിശേഷത്തിനായി, സഹോദരങ്ങൾക്കായി കൈകോർക്കാനുള്ള വിളി...

സ്നേഹവും ത്യാഗവും നുകർന്നു ഞങ്ങൾ

സേവനത്തിൻ ദൂതരായ് വരുന്നിതാ;

കരകളും തിരകളും കടന്നു ഞങ്ങൾ

സുവിശേഷ ദൂതരായ് വരുന്നിതാ....

എന്ന വരികളിൽ മിഷൻ ലീഗിന്റെ മുഴുവൻ ജീവിതദർശനവും പ്രതിഫലിക്കുന്നു.

ചെറുപുഷ്പ മിഷൻ ലീഗിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ഒരു സംഘടനയുടെ വളർച്ച മാത്രമല്ല. ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായ മനുഷ്യരുടെ ഒരു കൂട്ടായ്മ എങ്ങനെ ഒരു വലിയ ആത്മീയ പ്രസ്ഥാനമായി മാറി എന്നതിന്റെ ചരിത്രമാണ്. അൽഫോൻസാമ്മ ഒരു ബാലനോട് പറഞ്ഞ വാക്കുകൾ ഒരു ഹൃദയത്തിൽ വിത്തായി വീണു. കുഞ്ഞേട്ടനും കൂട്ടുകാരും ആ വിത്തിന് പ്രാർത്ഥനയുടെ വെള്ളമൊഴിച്ചു. ഫാ. ജോസഫ് മാലിപ്പറമ്പിൽ അതിന് സംഘടനയുടെ രൂപം നൽകി. വിശുദ്ധ കൊച്ചുത്രേസ്യാ അതിന് ആത്മീയ മാതൃകയായി. പിന്നെ തലമുറകൾ അതിനെ മുന്നോട്ട് കൊണ്ടുപോയി.

ഇന്ന് മിഷൻ ലീഗിന്റെ യഥാർത്ഥ ചോദ്യം ഇതാണ്: “ഞാൻ മിഷന് വേണ്ടി എന്ത് ചെയ്യുന്നു?”

മിഷനറി ആകാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ മിഷനറി ഹൃദയത്തോടെ ജീവിക്കാൻ എല്ലാവർക്കും കഴിയും.

വിശുദ്ധ കൊച്ചുത്രേസ്യാ നമ്മെ പഠിപ്പിച്ച ചെറിയ വഴി മിഷൻ ലീഗിന്റെ വലിയ സന്ദേശമായി മാറുന്നു: “ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുക.” അങ്ങനെ ജീവിക്കുമ്പോൾ നമ്മുടെ ചെറിയ ജീവിതവും ഒരു മിഷനായി മാറുന്നു. നമ്മുടെ ചെറിയ പ്രാർത്ഥനയും ഒരു മിഷനായി മാറുന്നു. നമ്മുടെ ചെറിയ ത്യാഗവും ഒരു മിഷനായി മാറുന്നു. ചെറുപുഷ്പ മിഷൻ ലീഗ് ഒരു പ്രസ്ഥാനമായി മാത്രം നിലനിൽക്കേണ്ടതല്ല; ഓരോ അംഗത്തിന്റെയും ജീവിതത്തിൽ ഒരു മിഷൻ ചൈതന്യമായി പൂക്കേണ്ടതാണ്. സ്നേഹിക്കാം.

ത്യാഗം ചെയ്യാം.

സേവിക്കാം.

പ്രാർത്ഥിക്കാം.

മിഷനായി ജീവിക്കാം.

“ഭാരതമേ, നിൻ രക്ഷ നിൻ മക്കളിൽ...”

ആ വിളി ഇന്നും മുഴങ്ങുന്നു...

ചെറുപുഷ്പ മിഷന്‍ ലീഗിലേക്ക് കടന്നുവന്ന് കൈകോർത്തു മുന്നേറുവാൻ, സുവിശേഷത്തിന്റെ ദൂതരാകാൻ, ദൈവവിളി തിരിച്ചറിയുവാൻ നമ്മുടെ പുതുതലമുറയ്ക്കു കഴിയട്ടെ...!

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »