India - 2026
എഫ്സിആർഎ ഭേദഗതി ബിൽ; കടുത്ത ആശങ്കയുണ്ടെന്ന് മാർ തോമസ് തറയിൽ
പ്രവാചകശബ്ദം 30-03-2026 - Monday
ചങ്ങനാശേരി: വിദേശഫണ്ട് സ്വീകരിക്കൽ നിയമ (എഫ്സിആർഎ) ഭേദഗതി ബിൽ ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഈ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ തോമസ് തറയിൽ. അതിരൂപത ആസ്ഥാനത്ത് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ആർച്ച് ബിഷപ്പ് വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തിയത്.
ഇക്കാര്യത്തിൽ നിലവിൽ നിയമങ്ങളുണ്ടായിട്ടും വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ സംശയമുണ്ട്. കേരള കത്തോലിക്കാ മെത്രാൻ സമിതിയും ഭാരത മെത്രാൻ സമിതിയും ഈ വിഷയം പ്രസ്താവനകളിലൂടെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് കേന്ദ്രസർക്കാരുമായി സംഭാഷണം നടത്താനും ആലോചനയുണ്ട്. വിദേശ സഹായം എന്തോ കുഴപ്പം പിടിച്ചതാണ് എന്ന മനോഭാവം സർക്കാരിനുണ്ട്.
വിദേശത്ത് ജോലിചെയ്യുന്നവർ ഭാരതത്തിലെയും കേരളത്തിലെയും ട്രസ്റ്റിനു കൊടുക്കുന്ന സഹായങ്ങളും വിദേശ സഹായമാണ്. സഭ വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ട്, സ്വീകരിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളിൽപോലും വിദ്യാലയങ്ങളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും കൊണ്ടുവരാൻ കഴിഞ്ഞത്. അതൊരു നല്ല കാര്യമായി കരുതുന്നതിനു പകരം ദേശവിരുദ്ധപ്രവർത്തനം എന്ന നിലയിൽ കാണുന്നത് സങ്കടകരമായ കാര്യമാണ്.
വിദേശ ട്രസ്റ്റുകൾ സഹായിക്കാൻ ശ്രമിക്കുന്നത് ഭാരതത്തിലെ കാരുണ്യ പ്രവർത്തനങ്ങളെയാണ്. ഭിന്നശേഷിക്കാർ, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ, മാനസികന്യൂനതയുള്ളവർ തുടങ്ങിയവർക്കുള്ള ഭവനങ്ങൾ ആരംഭിക്കാനും നടത്തി ക്കൊണ്ടുപോകാനുമാണ് വിദേശസഹായം ലഭിക്കുന്നത്. വിദേശികൾ അവരുടെ സമ്പത്തിൻ്റെ ഒരുവിഹിതം പാവപ്പെട്ട രാജ്യങ്ങളിലെ കരുണ അർഹിക്കുന്നവർക്കായി നൽകുന്നതും വിദേശ ഫണ്ടാണ്.
ആരാധനാലയങ്ങൾ നിർമിക്കാനും ഫണ്ട് ലഭിക്കാറുണ്ട്. അവർ വെറുതേ തരുന്നതല്ല, വ്യക്തമായ ലക്ഷ്യങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും മാത്രമാണ് ഫണ്ട് നൽകുന്നത്. ഇതു കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് അവർ നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും. നിയമപരമായി സഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇവയൊക്കെ നടത്തിക്കൊണ്ടുപോകാൻ കഴിയുന്നത്. അല്ലെങ്കിൽ മുമ്പേതന്നെ ഈ സ്ഥാപനങ്ങളുടെ ലൈസൻസു കൾ റദ്ദുചെയ്യപ്പെടുമായിരുന്നു.
പുതിയ വ്യവസ്ഥകൾ എഫ്സിആർഎ നിയമത്തിൻ്റെ പരിധിയിലേക്ക് മാറ്റപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. വിദേ ശഫണ്ട് വിനിയോഗിച്ച് വർഷങ്ങൾക്കുമുമ്പ് നിർമിച്ച വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഏറ്റെടുക്കാനും അവ വി റ്റ് ഫണ്ട് രൂപീകരിക്കാനും പുതിയനിയമം അനുശാസിക്കുന്നു. രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമൂഹത്തിനുമേൽ ഇത്തരം നടപടികൾ അടിച്ചേൽപ്പിക്കുന്നത് ജനധിപത്യ വ്യവസ്ഥിതിക്ക് യോജിക്കുന്നതല്ല. ഇതൊക്കെ എന്തിനുവേണ്ടിയാണെന്ന് മനസിലാകുന്നില്ല.
വിദേശ ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച ക്രൈസ്തവസഭയുടെ സ്ഥാപനങ്ങൾ നാനാജാതി മതസ്ഥർക്ക് നിർലോപമായ സേവനം ചെയ്തിട്ടുണ്ട്. പൊടുന്നനെ സൃഷ്ടിക്കുന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനങ്ങളുടെയെല്ലാം ലൈസൻസ് റദ്ദ്ചെയ്ത് പിടിച്ചെടുത്ത് വിറ്റ് തുക കണ്ടുകെട്ടാനുള്ള നിയമം പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ പാർലമെൻ്റംഗങ്ങളെ ബന്ധപ്പെട്ടപ്പോൾ അവർ പലരും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലാണ്.
പലർക്കും പാർലമെൻ്റിലെ ചർച്ചകളിൽപോലും പങ്കെടുക്കാൻ കഴിഞ്ഞില്ല. ചർച്ചകൾപോലുമില്ലാതെ നിയമം പാസാക്കിയെടുക്കാനാണോ ഇത്തരമൊരു അവസരത്തിൽ കേന്ദ്രസർക്കാർ ഈ ബിൽ പാർലമെൻ്റിൽ കൊണ്ടുവന്നതെന്നതിലും സംശയമുണ്ടെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു.

















