India - 2026

ദുഃഖവെള്ളിയാഴ്‌ച ഉദ്യോഗസ്ഥർക്ക് പരിശീലനം; വിശ്വാസവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 31-03-2026 - Tuesday

കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും അനുസ്‌മരിക്കുന്ന ദുഃഖവെള്ളിയാഴ്‌ച പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദൗർഭാഗ്യകരവും ക്രൈസ്ത‌വ ന്യൂനപക്ഷത്തെ ബോധപൂർവം അവഹേളിക്കുന്നതിനുള്ള നടപടിയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ഭാരതത്തിന്റെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്നതും ഭരണഘടനാപരമായ അവകാശ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി.

ക്രൈസ്‌തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരുകളുടെ തുടർച്ചയായ അവഹേളനങ്ങളുടെ ഒരു നേർക്കാഴ്‌ചയാണ് ദുഃഖവെള്ളിയാഴ്‌ച ഇലക്‌ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനം. ഈസ്റ്റർ, പെസഹാ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷകൾ നടത്തി ക്രൈസ്‌തവ സമൂഹത്തെ ഉപദ്രവിക്കുന്ന സമീപനം നിലനിൽക്കുമ്പോഴാണ് ദുഃഖവെള്ളിയാഴ്‌ച പുതിയ പരിശീലനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നിരിക്കുന്നത്. ഇത് കടുത്ത നീതിനിഷേധവും ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നടപടികൾ കൃത്യമായി ക്രൈസ്‌തവ വിശ്വാസവികാരത്തെ വ്രണപ്പെടുത്തുന്നത് തന്നെയാണ്.

ക്രൈസ്ത‌വ പാരമ്പര്യങ്ങളെയും അനുഷ്‌ഠാനങ്ങളെയും നിഷേധിക്കുകയും ബോധപൂർവം അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.


Related Articles »