India - 2026

പുതുഞായർ തിരുനാളിന് മലയാറ്റൂർ ഒരുങ്ങി

പ്രവാചകശബ്ദം 07-04-2026 - Tuesday

മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെൻ്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) പുതുഞായർ തിരുനാൾ ഒന്‍പതിന് കൊടിയേറും. 12നാണു പ്രധാന തിരുനാൾ. താഴത്തെ പള്ളിയിൽ ഒമ്പതിനു രാവിലെ ആറിന് ആഘോഷമായ പാട്ടുകുർബാനയെതുടർന്ന് വികാരി ഫാ. ജോസ് ഒഴലക്കാട്ട് കൊടിയേറ്റും. വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന. കുരിശുമുടിയിൽ വൈകിട്ട് 5.30 ന് തിരുനാളിന് കൊടിയേറും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേ ശം, നൊവേന, ലദീഞ്ഞ്. ഫാ. ജോസ് ഒഴലക്കാട്ട് കാർമികത്വം വഹിക്കും.

10ന് വൈകിട്ട് 5.30ന് തിരുസ്വരൂപങ്ങൾ പഴയ പള്ളിയിൽനിന്ന് ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ആഘോഷമായ പാട്ടു കുർബാന, വചന സന്ദേശം. ഇടവകയിൽ നിന്നുള്ള വൈദികർ കാർമികത്വം വഹിക്കും. തുടർന്ന് അങ്ങാടി പ്രദക്ഷിണം. 11 ന് വൈകിട്ട് ആറിന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേശം, അങ്ങാടി പ്രദക്ഷിണം, ലൈറ്റ് ഷോ.

തിരുനാൾ ദിനമായ 12ന് രാവിലെ 5.30ന് കുർബാന: ഫാ. അരുൺ മാടൻ. 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന: ഫാ. ഷിബു കാളാംപറമ്പിൽ. വചന സന്ദേശം: ഫാ. വിമൽ. വൈകിട്ട് അഞ്ചിന് പൊൻപണം എത്തിച്ചേരും. ആറിന് കുർബാന: ഫാ. ഡോ. ലിജോ കുറിയേടൻ. കുരിശുമുടിയിൽ 12ന് രാവിലെ 7.30 ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ജോസഫ് തെക്കിനേടത്ത് കാർമികത്വം വഹിക്കും. ഒമ്പതിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന: ഫാ. ആൻ്റണി വാഴക്കാല. ഉച്ചകഴിഞ്ഞു മൂന്നിന് പൊൻപണം ഇറക്കൽ.

17, 18, 19 തീയതികളിലാണ് എട്ടാമിടം തിരുനാൾ. കുരിശുമുടിയിൽ നിന്നു പൊൻപണം ഇറക്കുന്ന തീർത്ഥാടകർ താഴത്തെ പള്ളിയിൽ നേരത്തെ പേരുകൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാൻ വരുന്നവർ തിരിച്ചറിയൽ കാർഡിന്റെ കോപ്പി നൽകണമെന്നും അധികൃതർ അറിയിച്ചു.


Related Articles »