News
ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനും ദൈവജനത്തെ അടുത്തറിയാനുമാണ് തന്റെ ശ്രമം: ലെയോ പാപ്പ
പ്രവാചകശബ്ദം 25-04-2026 - Saturday
വത്തിക്കാന് സിറ്റി: റോമിന്റെ മെത്രാനും ഒരിടയനുമെന്ന നിലയിൽ ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനും, ദൈവജനത്തെ അടുത്തറിയാനും അവരെ അനുധാവനം ചെയ്യാനുമാണ് താൻ ശ്രമിക്കുന്നതെന്നു ലെയോ പാപ്പ. ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലികയാത്രയ്ക്ക് ശേഷം മടങ്ങിവരവേ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരിന്നു പാപ്പ. ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനും, ദൈവജനത്തെ അടുത്തറിയാനും അവരെ അനുധാവനം ചെയ്യാനുമാണ് താൻ ശ്രമിക്കുന്നതെന്നും, എന്നാൽ അപ്പസ്തോലികയാത്രയുടെ കൂടെ ഭാഗമായി രാഷ്ട്രത്തലവന്മാരുമായി സംസാരിക്കേണ്ടിവരുമ്പോൾ, പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് അവരെ ആഹ്വാനം ചെയ്യാൻ താൻ പരിശ്രമിക്കാറുണ്ടെന്നും പാപ്പ പറഞ്ഞു.
കുഞ്ഞുങ്ങളുടെ പോലും മരണത്തിനും പരിക്കുകൾക്കും കാരണമാകുന്ന യുദ്ധങ്ങളും സംഘർഷങ്ങളും, ഒരു ഇടയനെന്ന നിലയിൽ തനിക്ക് അംഗീകരിക്കാനാകില്ലെന്നും സഭയെന്ന നിലയിലും, ഇടയനെന്ന നിലയിൽ യുദ്ധത്തെ അനുകൂലിക്കുന്ന നിലപാടെടുക്കാൻ തനിക്കാകില്ലായെന്നും പാപ്പ വ്യക്തമാക്കി. ഭൂമിയെയും അതിലെ സമാധാനപൂർണമായ വാസത്തെയും തകിടം മറിക്കുന്ന സ്വേച്ഛാധിപതികളെക്കുറിച്ചും, ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചും ഇറ്റാലിയന് റായ് ടെലിവിഷന്റെ ഒന്നാം ചാനൽ (Tg1) പ്രവർത്തകൻ മുന്നോട്ട് വച്ച ചോദ്യത്തിന് മറുപടി നല്കുകയായിരിന്നു പാപ്പ.
സമാധാനത്തിന്റെ മനോഭാവവും സംസ്കാരവുമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് പാപ്പ പറഞ്ഞു. ചില അവസരങ്ങളിൽ പ്രശ്നപരിഹാരത്തിനുള്ള വഴിയായി ആക്രമണങ്ങളും യുദ്ധവും തിരഞ്ഞടുക്കപ്പെടുമ്പോൾ, കൊല്ലപ്പെടുന്ന നിരവധി നിഷ്കളങ്കരായ മനുഷ്യരുണ്ടെന്ന കാര്യം നമ്മൾ മറക്കരുതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. നാം മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങൾ നേടിയെടുക്കേണ്ടത് അത്തരം മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്. ലോകമെമ്പാടും സങ്കീർണ്ണമായ സാമ്പത്തികസ്ഥിതി സൃഷ്ടിക്കാൻ കാരണമായ ഈ ആക്രമണങ്ങൾ, നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതത്തിൽ വലിയ സഹനങ്ങളാണ് വരുത്തിവയ്ക്കുന്നതെന്ന സത്യം നമുക്ക് മുന്നിലുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു.
യുദ്ധഭീഷണി മാറ്റിവച്ച്, സമാധാനം പ്രോത്സാഹിപ്പിക്കാൻ വേണ്ട സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്രനിയമങ്ങൾ പാലിക്കുകയും നിഷ്കളങ്കരായ മനുഷ്യർ സംരക്ഷിക്കപ്പെടുകയും വേണം. അനീതിയുടെ പ്രവർത്തികളെ എല്ലാം താൻ അപലപിക്കുന്നുവെന്നും, മറ്റുള്ളവരുടെ ജീവനെടുക്കുന്നതിനെയും അതുപോലെതന്നെ താൻ അപലപിക്കുന്നുവെന്നും പാപ്പ മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. വധശിക്ഷയെയും താൻ അപലപിക്കുന്നു. ജനനം മുതൽ സാധാരണ മരണം വരെയുള്ള മനുഷ്യജീവിതത്തെ താൻ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ പാപ്പ, ജീവൻ ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന് ഓർമ്മിപ്പിച്ചു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















