India - 2026
സിഎംഐ സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും
പ്രവാചകശബ്ദം 05-08-2026 - Wednesday
കൊച്ചി: മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കു ശക്തിപകരുന്നതിന് സിഎംഐ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നിച്ചുചേർന്ന് സേവ തൂഫാൻ വാരിയേഴ്സ‌് പദ്ധതി നടപ്പാക്കും. ഈ യുവജന മുന്നേറ്റത്തിലൂടെ ലഹരിക്കെതിരേ ബോധവത്കരണവും പരിശീലനവും പ്രതിരോധപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുമെന്ന് സിഎംഐ സന്യാസസമൂഹം പ്രിയോർ ജനറൽ ഫാ.ഡോ. പോൾ ആച്ചാണ്ടി പറഞ്ഞു. സിറിയക് ഏലിയാസ് വോളൻ്ററി അസോസിയേഷൻ്റെ (സേവ) വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഫാ. ആച്ചാണ്ടി.
യുവജനങ്ങളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരേ ശക്തമായ ഇടപെടലുകൾ നടത്തണം. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ദർശന വും മൂല്യങ്ങളും പിന്തുടർന്ന് സമൂഹസേവനരംഗത്ത് കൂടുതൽ സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു.
സേവയുടെ പ്രവർത്തനറിപ്പോർട്ടുകളും ഭാവി പദ്ധതികളും യോഗം വിലയിരുത്തി. ഭാരവാഹികളായി ഫാ. ടോം അറയ്ക്കൽ -പ്രസിഡൻ്റ്, ഫാ. തോമസ് തെരോട്ട ത്തിൽ- സെക്രട്ടറി, ഫാ. മാത്യു കോയിക്കര -വൈസ് പ്രസിഡൻ്റ്, ഫാ. സിറിയക് കിഴക്കയിൽ- എൻആർഒ റീജണൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. ഫാ. മാത്യു കിരിയാന്തൻ, ഫാ. ടോം അറയ്ക്കൽ, പ്രഫ. മോനമ്മ കോക്കാട്, ഡയറക്‌ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

















