India - 2026
ഇഎസ്എ: സര്ക്കാര് ഇടപെടണമെന്ന് കെസിബിസി
പ്രവാചകശബ്ദം 05-08-2026 - Wednesday
കൊച്ചി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് ജൂലൈ 27ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട കേരളത്തിലെ ജനവാസമേഖലകളും കൃഷിഭൂമിയും പൂർണമായും ഒഴിവാക്കാനും റവന്യു വില്ലേജുകളെ കൃത്യമായി തരംതിരിക്കാനും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാർ സത്വരമായി ഇടപെടണമെന്ന് കെസിബിസി. പ്രകൃതി ദുരന്തത്തിൽ അകപ്പെടുന്നവരെ സഹായിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കെസിബിസി സമ്മേളനം വ്യക്തമാക്കി.
പശ്ചിമഘട്ടത്തിലെ ഇഎസ്എ സംബന്ധിച്ച് ഏഴാം തവണയാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നത്. കേരളത്തിന്റെ നിലവിലെ മാപ്പിൽ 123 റവന്യു വില്ലേജുകളിലായി ലക്ഷക്കണക്കിന് ഏക്കർ ജനവാസമേഖലകളും കൃഷിഭൂമിയും ഉൾപ്പെടെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എയായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. നിയമപരമായി നിലനിൽക്കുന്ന രീതിയിൽ റവന്യു വില്ലേജുകളും അതിർത്തികളും തരംതിരിച്ച് ഫീൽഡ് സർവേ നടത്തുന്നതിലുണ്ടായ വർഷങ്ങളായുള്ള അലം ഭാവവും വീഴ്ചയുമാണ് ഈ പ്രതിസന്ധിയെ ഇത്രത്തോളം വഷളാക്കിയത്.
സമാനമായ ആശങ്കകൾ നിലനിന്നിരുന്ന തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങ ൾ കൃത്യമായ ഉപഗ്രഹ-ഫീൽഡ് സർവേകൾ വഴി അതിർത്തികൾ വേർതിരിച്ച് കേന്ദ്രത്തിനു സമർപ്പിക്കുകയും സ്വന്തം സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങ ളെ പരിധിയിൽനിന്ന് സംരക്ഷിച്ചുനിർത്തുകയും ചെയ്തു. കേരളത്തിൽ ഇപ്പോഴും ജനങ്ങളുടെ ആശങ്ക പരിഹരിച്ചു വ്യക്തമായി അതിർത്തി നിർണയിക്കാൻ സാധിച്ചിട്ടില്ലെന്നത് ഏറെ ഖേദകരമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിച്ച് പശ്ചിമഘട്ട വിഷയത്തിൽ കേരളസമൂഹത്തിന് ആശ്വാസമേകുന്ന ശാശ്വത പരിഹാരം ഉടൻ കണ്ടെത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ മരിച്ചവർക്ക് കെസിബിസി ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാ സ പ്രവർത്തനങ്ങൾക്ക് കേരള കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു. അസാധാരണമായ രീതിയിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പുഴകളുടെയും ഡാമു കളുടെയും ആഴം വർധിപ്പിക്കുന്നതുൾപ്പെടെ ശാശ്വതവും ക്രിയാത്മകവുമായ പരിഹാരം കണ്ടെത്താനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കെസിബിസി സമ്മേളനത്തിൽ കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളിലെയും മെത്രാന്മാർ പങ്കെടുത്തു. പ്രാധാന്യമർഹിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പറഞ്ഞു. സമ്മേളനത്തെ ത്തുടർന്ന് ആരംഭിച്ച മെത്രാന്മാരുടെ വാർഷിക ധ്യാനം ഏഴിന് സമാപിക്കും.

















