News - 2024

ഇംഗ്ലണ്ടിലെ കത്തീഡ്രല്‍ ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 26-09-2016 - Monday

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കത്തീഡ്രല്‍ ദേവാലയങ്ങളിലേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന കത്തീഡ്രല്‍ ദേവാലയങ്ങളിലേക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷക്കായി എത്തുന്നവരുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച ദിനങ്ങളില്‍ കത്തീഡ്രല്‍ പള്ളികളിലേക്ക് എത്തുന്നവരുടെ എണ്ണം സ്ഥിരതയോടെ തുടരുകയാണ്. അതേ സമയം ഇട ദിവസങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായും ആരാധനയ്ക്കായും പള്ളികളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളിലേക്കാളും മികച്ച വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

2015-ലെ ലഭ്യമായ വിവരങ്ങള്‍ പ്രകാരം 36,700 മുതിര്‍ന്ന ആളുകള്‍ ഇംഗ്ലണ്ടിലെ 42 കത്തീഡ്രല്‍ ദേവാലയങ്ങളിലേക്ക് ഓരോ ആഴ്ചയും ആരാധനയ്ക്കായി എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്ന് ലിവര്‍പൂള്‍ ഡീനായ റവ: പീറ്റ് വില്‍കോസ് പറയുന്നു. "രാജ്യത്തുടനീളമുള്ള കത്തീഡ്രല്‍ ദേവാലയങ്ങളുടെ വളര്‍ച്ചയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ആത്മീയ വളര്‍ച്ചയെ പറ്റിയും കത്തീഡ്രല്‍ ദേവാലയങ്ങളിലെ ആരാധകരുടെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നുണ്ട്". റവ: പീറ്റ് വില്‍കോസ് പറഞ്ഞു.

ക്രിസ്തുമസിനും ഈസ്റ്ററിനും നടക്കുന്ന ശുശ്രൂഷകളില്‍ സംബന്ധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായും പുറത്തു വന്ന കണക്കുകള്‍ പറയുന്നു. 2014-ലെ പീഡാനുഭവ വാരത്തിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനെത്തിയതിലും രണ്ടു ശതമാനം അധികം വിശ്വാസികള്‍ 2015-ലെ ശുശ്രൂഷകളില്‍ സംബന്ധിച്ചു. 2015-ലെ ക്രിസ്തുമസ്സ് ദിന ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ഒന്നേകാല്‍ ലക്ഷത്തോളം വിശ്വാസികളാണ് യുകെയിലെ വിവിധ കത്തീഡ്രലുകളിലേക്ക് എത്തിചേര്‍ന്നത്.

2011 മുതലുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ ക്രിസ്തുമസ് ശുശ്രൂഷകളില്‍ വന്നു പങ്കെടുത്തതു 2015-ല്‍ ആണ്. കത്തീഡ്രല്‍ ശുശ്രൂഷകളില്‍ സേവനം ചെയ്യുവാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2005-ല്‍ 13,300 പേര്‍ സേവനങ്ങള്‍ക്കായി എത്തിയപ്പോള്‍ 2015-ല്‍ അത് 13 ശതമാനം വര്‍ധിച്ച് 15,000 കടന്നു. 2015-ല്‍ മാത്രം 9.4 മില്യണ്‍ ആളുകള്‍ ഇംഗ്ലണ്ടിലെ കത്തീഡ്രലുകളില്‍ സന്ദര്‍ശകരായി എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിന്റെ ആത്മീയ ഉണര്‍വിനെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »