News

ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് അമേരിക്കയില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം

പ്രവാചകശബ്ദം 26-05-2026 - Tuesday

ഫ്ലോറിഡ: 2026-ലെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിനിൽ തുടക്കമായി. ഇക്കഴിഞ്ഞ ഞായറാഴ്ച പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ മിഷൻ നോംബ്രെയിലെ ഔവർ ലേഡി ഓഫ് ലാ ലെച്ചെ ദേവാലയത്തിൽ പന്തക്കുസ്ത ദിവ്യബലിയോടെയാണ് തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചത്. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷത്തിനിടെയാണ് ഇത്തവണത്തെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനമെന്നത് ശ്രദ്ധേയമാണ്.

"ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രം" എന്ന പ്രമേയമാണ് ഇത്തവണ തീർത്ഥാടനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവുമായി ദിവ്യകാരുണ്യ വിശ്വാസത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തെ വിശേഷിപ്പിക്കുന്നത്. സെന്റ് അഗസ്റ്റിൻ രൂപതയിലെ ബിഷപ്പ് എറിക് പോൾമിയർ ഞായറാഴ്ച തീർത്ഥാടകരെ സ്വാഗതം ചെയ്തു. ഫ്ലോറിഡയിലെ കഠിനമായ വെയിലിനെ അവഗണിച്ച് ദിവ്യബലിയിലും പ്രദക്ഷിണത്തിലും ആയിരത്തിലധികം തീർത്ഥാടകർ ആദ്യ ദിന പരിപാടികളിൽ പങ്കെടുത്തു.

വൈദികർ, സന്യാസികള്‍, അല്‍മായര്‍, കുടുംബങ്ങൾ, ദിവ്യകാരുണ്യത്തെ അനുഗമിക്കുന്ന നിത്യ തീർത്ഥാടകർ എന്നിവര്‍ ആദ്യ ദിനത്തില്‍ ദിവ്യകാരുണ്യത്തിന് പിന്നാലെ തീര്‍ത്ഥാടനമായി നീങ്ങി. ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കത്തോലിക്ക മെത്രാന്മാര്‍ ആരംഭിച്ച വിശാലമായ ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന സംരംഭത്തിന്റെ ഭാഗമാണ് ഓരോ വര്‍ഷവും തീർത്ഥാടനം നടത്തുന്നത്. ആറ് ആഴ്ച നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ തീർത്ഥാടനം ജൂലൈ 5നു ഫിലാഡൽഫിയയില്‍ സമാപിക്കും.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »