News

പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ഗാസയിലെ ഏക കത്തോലിക്ക സ്കൂൾ 3 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു

പ്രവാചകശബ്ദം 17-09-2026 - Thursday

ഗാസ സിറ്റി: യുദ്ധം തകർത്ത ഗാസ മുനമ്പിലെ ഏക കത്തോലിക്ക സ്കൂളായ ഹോളി ഫാമിലി സ്കൂൾ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ – ഹമാസ് യുദ്ധത്തെ തുടർന്ന് അടച്ചുപൂട്ടിയ വിദ്യാലയമാണ് നീണ്ട നാളത്തെ അനിശ്ചിതത്വങ്ങൾക്കും ദുരിതങ്ങൾക്കും ഒടുവിൽ വിദ്യാർത്ഥികൾക്കായി വീണ്ടും വാതിലുകൾ തുറന്നത്. ആയിരത്തോളം വിദ്യാർത്ഥികളാണ് പുതിയ അധ്യയന വർഷത്തിൽ ഇവിടെ പ്രവേശനം നേടിയത്. യുദ്ധത്തിൽ തകർന്ന ക്ലാസ് മുറികളും പരിസരവും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയാണ് പഠന യോഗ്യമാക്കിയത്.

കടുത്ത മാനസിക സമ്മർദ്ധവും അനിശ്ചിതത്വവും നേരിട്ട കുട്ടികൾക്ക് ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള സുരക്ഷിത താവളമായി വിദ്യാലയം മാറിയിരിക്കുകയാണ്. ഹോളി ഫാമിലി സ്കൂളില്‍ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണ്. യുദ്ധത്തിന് മുൻപ് ഗാസയിൽ അഞ്ചോളം ക്രിസ്ത്യൻ സ്കൂളുകൾ സജീവമായിരുന്നെങ്കിലും നിലവിൽ ഈ സ്ഥാപനം മാത്രമാണ് പ്രവർത്തിക്കുന്നത്. തീവ്രമായ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഗാസയിലെ ജനങ്ങൾക്ക് ഈ സ്കൂൾ ഇരുട്ടിലെ ഒരു വെളിച്ചം പോലെയാണെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി വ്യക്തമാക്കി. യൂണിഫോം ധരിച്ച് കുട്ടികൾ വീണ്ടും സ്കൂളിലേക്ക് വരുന്നത് കാണുമ്പോൾ ഈ മണ്ണിൽ ഇനിയുമൊരു ഭാവിയുണ്ടെന്ന പ്രതീക്ഷയാണ് ജനങ്ങൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കഴിഞ്ഞിരിന്ന ജനങ്ങൾ ഘട്ടം ഘട്ടമായി സുരക്ഷിത ഇടങ്ങളിലേക്കും വീടുകളിലേക്കും മടങ്ങിയതോടെയാണ് കെട്ടിടം വീണ്ടും ക്ലാസുകൾക്കായി ഒരുക്കാൻ കഴിഞ്ഞത്. വർഷങ്ങളോളം ബോംബാക്രമണങ്ങൾക്കും മരണഭയത്തിനും സാക്ഷ്യം വഹിച്ച കുട്ടികളെയും അധ്യാപകരെയും പിന്തുണയ്ക്കാൻ സ്കൂളിൽ പ്രത്യേക മാനസികാരോഗ്യ കൗൺസിലിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ സിലബസിനപ്പുറം മാനസികാഘാതം അതിജീവിക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾക്കും ശേഷമുള്ള സായാഹ്ന വിനോദങ്ങൾക്കും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ പഠന സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »