News

ദിവ്യകാരുണ്യത്തിന് പിന്നാലെ ആയിരങ്ങള്‍; അമേരിക്കയിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം പുരോഗമിക്കുന്നു

പ്രവാചകശബ്ദം 29-05-2026 - Friday

സവാന്ന (അമേരിക്ക): ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം അനേകരില്‍ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം അമേരിക്കയില്‍ പുരോഗമിക്കുന്നു. ഓരോ ദിവസവും ദിവ്യകാരുണ്യ തീര്‍ത്ഥാടത്തില്‍ നിരവധി വിശ്വാസികളാണ് പങ്കുചേരുന്നത്. മെയ് 24 പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഫ്ലോറിഡയില്‍ നിന്നാണ് ദിവ്യകാരുണ്യ തീര്‍ത്ഥാടനം ആരംഭിച്ചത്. രാജ്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം എന്ന സവിശേഷത ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്.

കിഴക്കൻ അമേരിക്കയിലുടനീളം 2,000 മൈലിലധികം ദൂരമാണ് ദിവ്യകാരുണ്യ പ്രയാണം നടത്തുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ വൈദികർ, നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങൾ, അനേകം കുടുംബങ്ങൾ, തീർത്ഥാടകർ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കനത്ത മഴയെ അവഗണിച്ചായിരിന്നു അനേകരെത്തിയത്. മെയ് 27ന്, സവാനയിലെ ചരിത്രപ്രസിദ്ധമായ വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് കത്തീഡ്രൽ ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം നടന്നു. ഫോർസിത്ത് പാർക്ക്, കോൺഫെഡറേറ്റ് മെമ്മോറിയൽ എന്നിവയുൾപ്പെടെ താണ്ടിയാണ് ദിവ്യകാരുണ്യ യാത്ര കത്തീഡ്രലിൽ എത്തിയത്.

ഇന്നലെ മെയ് 28ന്, സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലാണ് ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം നടന്നത്. മെയ് 31 ഞായറാഴ്ച വരെ നോർത്ത് കരോളിനയിലെ വിവിധ ഇടങ്ങളിലൂടെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം തുടരും. അതിനുശേഷമായിരിക്കും അമേരിക്കയുടെ വടക്കുകിഴക്കൻ ഇടനാഴിയെന്നു അറിയപ്പെടുന്ന ബോസ്റ്റൺ മുതൽ വാഷിംഗ്ടൺ ഡി.സി. വരെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം നടത്തുക. ദിവ്യകാരുണ്യത്തിന് പിന്നാലെ പ്രാര്‍ത്ഥനയോടെ നീങ്ങുന്ന മെത്രാന്മാരുടെയും വൈദികരുടെയും വിശ്വാസികളുടെയും വിവിധ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »