News

പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് ദേശീയ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 08-10-2026 - Thursday

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്‍ഷവും കടുത്ത വിവേചനവും അക്രമങ്ങളും പീഡനങ്ങളും നേരിട്ടതായി കത്തോലിക്ക സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന് കീഴിലുള്ള 'നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ്' (NCJP) പ്രസിദ്ധീകരിച്ച 'ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ 2026' എന്ന വാർഷിക റിപ്പോർട്ടിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുള്ള മതനിന്ദ ആരോപണങ്ങൾ, ന്യൂനപക്ഷ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കൽ, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള വിവേചനം എന്നിവയാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 2025-ൽ എട്ട് ക്രൈസ്തവ വിശ്വാസികൾക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയതായി കമ്മീഷൻ രേഖപ്പെടുത്തി. ഇക്കാലയളവിൽ രണ്ട് പേർക്ക് ജാമ്യം ലഭിക്കുകയും മുന്‍പ് തടവിലാക്കപ്പെട്ട എട്ട് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

മതനിന്ദ കുറ്റം ചുമത്തപ്പെട്ട് 23 വർഷം വധശിക്ഷ തടവുകാരനായി കഴിഞ്ഞ 72 വയസ്സുകാരനായ അൻവർ കെന്നത്ത് എന്ന ക്രൈസ്തവ വിശ്വാസിയെ കഴിഞ്ഞ വര്‍ഷം കോടതി കുറ്റവിമുക്തനാക്കിയിരിന്നു. രണ്ടേകാല്‍ പതിറ്റാണ്ടാണ് അദ്ദേഹം തടവില്‍ നരകയാതന അനുഭവിച്ചത്. മതനിന്ദാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ അവ റദ്ദാക്കുകയോ സമഗ്രമായി ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. വ്യാജ ആരോപണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഈ നിയമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »