News - 2026

തുർക്കിയില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന കണ്ടെത്തലുമായി ഗവേഷകര്‍

പ്രവാചകശബ്ദം 29-05-2026 - Friday

ഇസ്താംബൂള്‍: തുർക്കിയില്‍ നടത്തിയ സമീപകാല പുരാവസ്തു കണ്ടെത്തലുകളില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന ഫലങ്ങളും. ആദ്യകാല ക്രിസ്തീയ വളർച്ചയെ ആഴത്തില്‍ മനസ്സിലാക്കാൻ സഹായിക്കുന്ന കണ്ടെത്തലുകളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ 'ദി ഇൻഡിപെൻഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധ ബൈബിളുമായി ബന്ധപ്പെട്ടു പരാമര്‍ശിച്ചിരിക്കുന്ന ചരിത്ര നഗരങ്ങളിൽ നിന്ന് പുരാതന ചെറു പള്ളികൾ, ക്രിസ്ത്യൻ ലിഖിതങ്ങൾ, ശവകുടീരങ്ങൾ, വിശ്വാസപരമായ വസ്തുക്കൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

പുരാതന നഗരമായ ലാവോദിക്യയിൽ, നാലാം നൂറ്റാണ്ടില്‍ ആരാധനസ്ഥലമായി വിശ്വാസികള്‍ ഒരുമിച്ച് കൂടിയതായി കണക്കാക്കിയിരിന്ന ഭവന ദേവാലയവും ഗവേഷകർ കണ്ടെത്തിയതില്‍ ഉള്‍പ്പെടുന്നു. വലിയ ദേവാലയങ്ങള്‍ നിർമ്മിക്കുന്നതിന് മുന്‍പ് ആദ്യകാല ക്രിസ്ത്യാനികൾ സ്വകാര്യ വീടുകൾ ആരാധനാലയങ്ങളായി ഉപയോഗിച്ചിരുന്നു. അവയിലൊന്നാണ് ഇത്. ഇത്തരത്തിലുള്ള ചുരുക്കം ചില ഭവന ദേവാലയങ്ങള്‍ മാത്രമേ ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂവെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിന് അടുത്തുള്ള സാർഡിസിൽ, പുരാവസ്തു ഗവേഷകർ ആറാം നൂറ്റാണ്ടിലെ വലിയ ക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിന്നു. ഇത് ഒരു കത്തീഡ്രലായി പ്രവർത്തിച്ചിരിക്കാമെന്നാണ് അനുമാനം.



ഇന്നത്തെ ഇസ്താംബൂളിലെ കോൺസ്റ്റാന്റിനോപ്പിളിലെ പ്രശസ്തമായ ഹാഗിയ സോഫിയ ദേവാലയത്തിന്റെ രൂപകൽപ്പന ഈ ദേവാലയത്തിന്റെ ഘടനയെ സ്വാധീനിച്ചതായും ഗവേഷകര്‍ വിലയിരുത്തുന്നു. ആദ്യകാല ക്രിസ്ത്യൻ ലിഖിതങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ടെന്നും 'ദി ഇൻഡിപെൻഡന്റ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോമൻ സാമ്രാജ്യകാലത്ത് ക്രിസ്തീയ വിശ്വാസത്തിന്റെ വ്യാപനത്തിൽ തുർക്കിയിലെ ജനത വഹിച്ച പങ്ക് എടുത്തുക്കാണിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. കഴിഞ്ഞ വര്‍ഷം ഉർഫ കാസിലിൽ ക്രിസ്ത്യൻ രചന ആലേഖനം ചെയ്തിട്ടുള്ള മൊസൈക്ക് തറ കണ്ടെത്തിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »