News - 2026
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി
പ്രവാചകശബ്ദം 04-06-2026 - Thursday
ഫുൾഡ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ എന്ന നിലയില്‍ ശ്രദ്ധ നേടിയ ജര്‍മ്മന്‍ വൈദികന്‍ വിടവാങ്ങി. ജർമ്മനിയിലെ ഫുൾഡ രൂപത വൈദികനായ ഫാ. ബ്രൂണോ കാന്‍റാണ് 110ാം വയസ്സില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1950 മുതൽ 76 വര്‍ഷമാണ് അദ്ദേഹം വൈദികനായി സേവനം ചെയ്തിരിന്നത്. ഫെബ്രുവരി 26നാണ് അദ്ദേഹം 110-ാം ജന്മദിനം ആഘോഷിച്ചത്. ഈ അവസരത്തില്‍ ലെയോ പാപ്പ അഭിനന്ദനങ്ങളും അനുഗ്രഹാശിസ്സുകളും അറിയിച്ചിരിന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനെന്ന സ്ഥിരീകരണം ഫാ. ബ്രൂണോയ്ക്കു അന്നു വത്തിക്കാനില്‍ നിന്നു ലഭിച്ചു.
1916 ഫെബ്രുവരി 26 ന് ജർമ്മനിയിലെ സാക്സണിയിലെ വെർബ്ലിനിലാണ് ബ്രൂണോ കാന്റ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹത്തിന്റെ കുടുംബം പലായനം ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത്, പലായനവും മടങ്ങി വരവും നടത്തി. സോവിയറ്റ് യുദ്ധത്തിൽ മൂന്ന് വർഷത്തെ തടവിൽ കഴിഞ്ഞതിന് ശേഷം 1948 ൽ അദ്ദേഹം ജർമ്മനിയിലേക്ക് മടങ്ങി. 1950 ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 76 വര്‍ഷം അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചിരിന്നു.
100 വയസ്സ് വരെ അദ്ദേഹം ഇടവക ശുശ്രൂഷകളില്‍ സജീവമായിരുന്നു. 100 വയസ്സ് തികഞ്ഞതിനുശേഷവും അദ്ദേഹം തന്റെ സമൂഹത്തിലെ രോഗികളെ സന്ദർശിക്കുന്നത് തുടര്‍ന്നിരിന്നു. ജർമ്മനിയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പുരുഷന്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന പ്രായമേറിയ സൈനികന്‍ എന്നീ വിശേഷണങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ വ്യക്തിയായിരിന്നു ഫാ. ബ്രൂണോ.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















