News
ദൈവം നിങ്ങളെ സ്നേഹിക്കുന്നു: സ്പെയിനിലെ തടവുപുള്ളികള്‍ക്കു സാന്ത്വന സന്ദേശവുമായി ലെയോ പാപ്പ
പ്രവാചകശബ്ദം 12-06-2026 - Friday
ബാഴ്സലോണ: സ്‌പെയിനില്‍ അപ്പസ്തോലിക സന്ദർശനം തുടരുന്ന ലെയോ പാപ്പ കറ്റലോണിയയിലെ ജയിലുകളിൽ ഒന്നായ ബ്രിയാൻസ് വണ്ണില്‍ സന്ദര്‍ശനം നടത്തി. ബാഴ്സലോണ അതിരൂപത മന്ദിരത്തിൽനിന്നും 44 കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന 61000 ചതുരശ്രമീറ്ററിലധികം വിസ്തൃതിയുള്ള ജയിലിലേക്ക് രാവിലെയാണ് പാപ്പ എത്തിയത്. പതിനൊന്ന് മണിയോടെ ജയിലിലെത്തിയ പാപ്പയെ, ജയിൽ ഡയറക്ടറും ചാപ്ലെയിൻമാരായി സേവനമനുഷ്ഠിക്കുന്ന വൈദികരും ഉള്‍പ്പെടെയുള്ള മറ്റു പ്രവർത്തകരും ചെറിയൊരു വിഭാഗം തടവുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
1991-ൽ ആരംഭിച്ച ബ്രിയാൻസ് വണ്‍ ജയിലില്‍ 1,100 പുരുഷന്മാരും 150 സ്ത്രീകളും ഉള്‍പ്പെടെയുള്ള തടവുകാരാണ് കഴിയുന്നത്. സ്വാഗത ഗാനാലാപനത്തിനും ഡയറക്ടറുടെ സ്വാഗത പ്രസംഗത്തിനും ശേഷം ഒരു വൈദികന്റേയും രണ്ടു തടവുകാരുടെയും സാക്ഷ്യമുണ്ടായിരുന്നു. തുടർന്ന് പാപ്പ തന്റെ പ്രഭാഷണം നടത്തി. തടവറ ജീവിതത്തിലെ ഏകാന്തതയ്ക്കും നിരാശയ്ക്കും ഇടയിൽ, ദൈവം നിങ്ങളെ സ്നേഹിക്കുന്നത് തുടരുകയാണെന്നും ഭൂതകാലത്തിലെ ദുഃഖങ്ങൾ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ നിന്ന് പിന്തിരിപ്പിക്കാൻ അനുവദിക്കരുതെന്നും ലെയോ പാപ്പ ബാഴ്‌സലോണയിലെ തടവുകാരോട് പറഞ്ഞു.
പ്രലോഭനത്തെ നേരിടുമ്പോൾ, തടവുകാർ ദൈവത്തിലേക്ക് കണ്ണുകൾ ഉയർത്തണമെന്നും അവിടുന്നു ഒരിക്കലും തന്റെ സ്നേഹവും അടുപ്പവും കാണിച്ചുതരുന്നത് നിർത്തുന്നില്ലായെന്നും ഉത്കണ്ഠയും സങ്കടവും ജീവിത യാത്രയിലെ ചില നിമിഷങ്ങളെ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും, ജീവിതത്തിലെ തെറ്റുകൾ ഒരു വ്യക്തിയുടെ വ്യക്തിത്വമായി നിർവചിക്കുന്നില്ലെന്നും പാപ്പ പറഞ്ഞു. ഒരാഴ്ചയായി നടന്നു വരികയായിരിന്ന ലെയോ പാപ്പയുടെ സ്പെയിന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു സമാപനമാകും.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















