News

പ്രമുഖ ഭൂതോച്ചാടകനെ ഗ്വാഡലൂപ്പ ബസിലിക്കയുടെ റെക്ടറായി നിയമിച്ച് മെക്സിക്കന്‍ സഭാനേതൃത്വം

പ്രവാചകശബ്ദം 13-07-2026 - Monday

ഗ്വാഡലൂപ്പ: മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ മെക്സിക്കോയിലെ ഗ്വാഡലൂപ്പ ബസിലിക്കയുടെ പുതിയ റെക്ടറായി പ്രമുഖ ഭൂതോച്ചാടകനായ മോൺ. ഡാനിയേൽ വിക്ടർ വില്ലലോബോസ് ഓർട്ടിസിനെ നിയമിച്ച് സഭാനേതൃത്വം. മെക്സിക്കോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കാർലോസ് അഗ്യുയർ റെറ്റസാണ് ഗ്വാഡലൂപ്പയിലെ ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസിലിക്കയുടെ പുതിയ റെക്ടറായി മോൺ. ഡാനിയേൽ വിക്ടർ വില്ലലോബോസ് ഓർട്ടിസിനെ നിയമിച്ചത്.

മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ സ്ഥിരം കൗൺസില്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചും ദേവാലയത്തിൽ സേവനമനുഷ്ഠിക്കുന്ന വൈദികര്‍, ഡീക്കന്മാർ, സമർപ്പിതർ എന്നിവര്‍ക്കും ശുശ്രൂഷയുടെ കൃപകള്‍ സ്വീകരിക്കുന്ന സാധാരണ വിശ്വാസികളെയും പരിഗണിച്ചാണ് നിയമനം നടത്തുന്നതെന്ന് കർദ്ദിനാൾ കാർലോസ് അഗ്യുയർ അറിയിച്ചു.

മെക്സിക്കോ സിറ്റിയിലെ സോകിമിലോ, ലാല്‍പന്‍, കോയോകാന്‍, അല്‍വരോ ഒബ്രെഗോണ്‍ എന്നീ വിവിധ മെക്സിക്കന്‍ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ച മോൺ. ഡാനിയേൽ വിക്ടർ ഭൂതോച്ചാടന ശുശ്രൂഷയില്‍ സജീവമായി രംഗത്തുണ്ട്. മെക്സിക്കോ സിറ്റി അതിരൂപതയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും ശരാശരി 35 ദശലക്ഷം തീർത്ഥാടകരാണ് ബസിലിക്കയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ നടന്ന ഗ്വാഡലൂപ്പ തിരുനാള്‍ ആഘോഷങ്ങളിൽ മാത്രം ഏകദേശം 13 ദശലക്ഷം സന്ദർശകർ ദേവാലയത്തിൽ എത്തിയിരുന്നു.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »