News

വെനിസ്വേല ഭൂകമ്പം: ദുരിതബാധിതർക്കു രാവും പകലുമില്ലാതെ സേവനം തുടര്‍ന്ന് സലേഷ്യൻ സന്യാസിനികൾ

പ്രവാചകശബ്ദം 14-07-2026 - Tuesday

കാരക്കാസ്: വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പങ്ങളുടെ ദുരന്തത്തിൽ രാവും പകലുമില്ലാതെ ശുശ്രൂഷ തുടര്‍ന്ന് സലേഷ്യൻ സന്യാസിനി സമൂഹം. ഭവനരഹിതരായ കുടുംബങ്ങൾക്കും കുട്ടികൾക്കും അമ്മമാർക്കും സഹായം എത്തിക്കുന്നതിൽ സലേഷ്യൻ സന്യാസിനി സമൂഹമായ 'ഡോട്ടേഴ്സ് ഓഫ് മേരി ഹെൽപ്പ് ഓഫ് ക്രിസ്ത്യൻസ്' മുൻനിരയിൽ പ്രവർത്തിക്കുകയാണ്. അടിയന്തര സഹായ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിലും ദുരിതബാധിതരുടെ പുനരധിവാസം ഇനിയും ഏറെ ദൂരെയാണെന്നും സന്യാസിനികൾ വ്യക്തമാക്കി.

ഭവനരഹിതരായ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് സലേഷ്യന്‍ സന്യാസ സമൂഹം ഇപ്പോള്‍ കാരുണ്യ പ്രവര്‍ത്തനം തുടരുന്നത്. കുഞ്ഞുങ്ങള്‍ക്കും അമ്മമാർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം ദുരിതബാധിതരുടെ വേദന കേൾക്കാനും അവർക്കൊപ്പം നിലകൊള്ളാനും ശ്രമിക്കുന്നതായി പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മരിയ യൂജീനിയ റാമോസ് റാംഗൽ പറഞ്ഞു. ലാ ഗ്വൈറ ഉൾപ്പെടെയുള്ള ഏറ്റവും കൂടുതൽ നാശനഷ്ടമേറ്റ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും മാനുഷിക സഹായ വിതരണവും അടിസ്ഥാനസൗകര്യങ്ങളുടെ പുനർനിർമാണവും സലേഷ്യൻ സമൂഹം നടത്തിവരുന്നുണ്ട്.

ഭൂകമ്പത്തിൽ കനത്ത നാശനഷ്ടമുണ്ടായെങ്കിലും മരണനിരക്ക് താരതമ്യേന കുറവായിരുന്ന എൽ ജുൻക്വിറ്റോയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കുഞ്ഞുങ്ങള്‍ക്കും അമ്മമാർക്കും വസ്ത്രവും ശുചിത്വസാമഗ്രികളും വിതരണം ചെയ്തിട്ടുണ്ട്. വീടുകൾ താമസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനാല്‍ കൂടാരങ്ങളിൽ കഴിയുന്ന കുടുംബങ്ങൾക്കായി കാരക്കാസ് നഗരമധ്യത്തിലും സലേഷ്യന്‍ സമൂഹം സഹായ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥിരതാമസത്തിനായി അനേകം കുടുംബങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്നു സിസ്റ്റർ യൂജീനിയ പറയുന്നു. അതേസമയം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം നാലായിരത്തിയഞ്ഞൂറായി ഉയര്‍ന്നു. ഇരുപതിനായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »