News
യുദ്ധഭൂമിയിൽ സ്നേഹത്തിന്റെ പാഠശാല; ജെറുസലേമിൽ സമാധാനത്തിന്റെ വിത്തു വിതച്ച് ബൊറോമിയൻ സിസ്റ്റേഴ്‌സ്
പ്രവാചകശബ്ദം 06-10-2026 - Tuesday
ജെറുസലേം: സംഘർഷങ്ങളും യുദ്ധക്കെടുതികളും പുകയുന്ന മധ്യപൂർവദേശത്ത് പരസ്പര സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാലങ്ങളായി വര്‍ത്തിക്കുന്ന കത്തോലിക്ക സന്യാസിനികള്‍ ശ്രദ്ധ നേടുന്നു. ജെറുസലേമില്‍ ശുശ്രൂഷ ചെയ്യുന്ന വിശുദ്ധ ചാൾസ് ബൊറോമിയോയുടെ കാരുണ്യ സന്യാസിനികളാണ് (Sisters of Mercy of St. Charles Borromeo) മേഖലയിലെ പ്രതിസന്ധികളെ മറികടന്നു തങ്ങളുടെ ശുശ്രൂഷ തുടര്‍ന്നുക്കൊണ്ടിരിക്കുന്നത്. ഇവർ നടത്തുന്ന കിന്റർഗാർട്ടനിലൂടെ ക്രൈസ്തവ - മുസ്ലിം വിഭാഗങ്ങളിലെ കുരുന്നുകളെ ഒരുമിച്ചിരുത്തി സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പുതിയ ലോകം പടുത്തുയർത്തുകയാണ് ഈ കന്യാസ്ത്രീകൾ.
നാലു പതിറ്റാണ്ട് മുന്‍പ് 1989-ല്‍ ആരംഭിച്ചതാണ് കിന്റർഗാർട്ടന്‍. കിഴക്കൻ ജെറുസലേമിൽ നിന്നും പഴയ നഗരത്തിൽ നിന്നുമുള്ള 3 മുതൽ 6 വയസ്സ് വരെയുള്ള നൂറ്റിനാല്‍പ്പതോളം ഫലസ്തീൻ കുട്ടികളാണ് ഈ കിന്റർഗാർട്ടനിൽ പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരാണ്. അഞ്ചിലൊന്ന് കുട്ടികൾ വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട ക്രൈസ്തവരുമാണ്. പ്രശ്നകലുഷിതമായ മേഖലയില്‍ സമാധാനത്തിന്റെ വിത്തുപാകാന്‍ കുട്ടികളെ സഹായിക്കുന്ന സവിശേഷമായ പാഠ്യപദ്ധതിയാണ് ഇവിടെ പിന്തുടരുന്നത്.
2023-ൽ മധ്യപൂർവദേശത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധവും സംഘർഷങ്ങളും ജനജീവിതത്തെ സാരമായി ബാധിച്ചപ്പോഴും, കുട്ടികൾക്ക് മാനസിക പിന്തുണയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഈ സന്യാസിനിമാർ ഒപ്പമുണ്ട്. യുദ്ധത്തിന്റെ ഭീതിയിൽ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിച്ച് അവരുടെ സ്വാഭാവിക ബാല്യം തിരികെ നൽകാനും, സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ മാനസിക സന്തോഷവും അതിജീവന ശേഷിയും വളർത്താനും സന്യാസിനികള്‍ വലിയ രീതിയില്‍ ഇടപെടുന്നുണ്ട്. മേഖലയിലെ ഏറ്റവും കഠിനമായ പ്രതിസന്ധികൾക്കിടയിലും യഥാർത്ഥ സമാധാന ശില്പികളായി പ്രവർത്തിക്കുകയാണ് ഈ സന്യാസിനി സമൂഹം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















