News
ജലം പരിപാലിക്കുന്നത്, സ്രഷ്ടാവിനോടുള്ള സ്നേഹത്തിന്റെ അടയാളം: ലെയോ പാപ്പ
പ്രവാചകശബ്ദം 02-09-2026 - Wednesday
വത്തിക്കാന്‍ സിറ്റി: ജലത്തിന്റെ പരിപാലനത്തിനായി ലെയോ പാപ്പയുടെ സെപ്റ്റംബർ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. മാര്‍പാപ്പയുടെ പേരിലുള്ള പ്രാർത്ഥനാശൃംഖല പുറത്തുവിട്ട പ്രാർത്ഥനാനിയോഗ വീഡിയോയിലാണ് ജലത്തിന്റെ പരിപാലനത്തിനായി പ്രാർത്ഥിക്കുവാൻ പാപ്പ ആഹ്വാനം നടത്തിയിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ആവശ്യഘടകങ്ങളിൽ ഒന്നായ, ജലം, ഓരോ വ്യക്തിയുടെയും അവകാശമാണെന്നും അല്ലാതെ, വിപണിയുടെ തന്ത്രങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒരു ചരക്കു വസ്തു അല്ലായെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട്, ജലത്തിന്റെ പരിപാലനത്തിനായി പ്രാർത്ഥിക്കുവാൻ പാപ്പ ആഹ്വാനം ചെയ്തു.
ഇന്നലെ സെപ്റ്റംബർ 1, സൃഷ്ടി സംരക്ഷണത്തിനായുള്ള ലോക പ്രാർത്ഥനാദിനത്തിലാണ്, പ്രാർത്ഥനാനിയോഗ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജലം ഫലഭൂയിഷ്ഠതയുടെയും പുതുമയുടെയും പ്രത്യാശയുടെയും ഉറവിടമാണെന്നും ദാഹം ശമിപ്പിക്കുകയും, ഭൂമിയെ ഫലഭൂയിഷ്ഠമാക്കുകയും, മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു ദാനമാണെന്നും പ്രാർത്ഥനയിൽ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കൃതജ്ഞതയോടും നീതിയോടും ഉത്തരവാദിത്വത്തോടും കൂടി ജലം സംരക്ഷിക്കുക എന്ന ആഹ്വാനമാണ് പാപ്പ മുൻപോട്ടു വയ്ക്കുന്നത്.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ. ജീവന്റെ നാഥാ, അങ്ങ് ഞങ്ങൾക്ക് ജലമെന്ന ദാനം നൽകിയിരിക്കുന്നു. ഫലഭൂയിഷ്ഠതയുടെയും പുതുമയുടെയും പ്രത്യാശയുടെയും ഉറവിടമായ ജലം. അത് ദാഹം ശമിപ്പിക്കുന്നു, ഭൂമിയെ പോഷിപ്പിക്കുന്നു, മുറിവുകൾ സുഖപ്പെടുത്തുന്നു. ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. കാരണം അത് അങ്ങയുടെ കൃപയുടെയും സ്നേഹത്തിന്റെയും പ്രതീകം കൂടിയാണ്, മാമോദീസയിലൂടെ അത് ഞങ്ങളെ നവീകരിക്കുന്നു. ഇന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു.
കൃതജ്ഞതയോടും, നീതിയോടും, ഉത്തരവാദിത്വത്തോടും കൂടി ജലത്തെ സംരക്ഷിക്കാൻ, ഞങ്ങളെ പഠിപ്പിക്കണമേ. ജലത്തെ, അത് എല്ലാവർക്കുമുള്ള ഒരു സാർവത്രിക ദാനമാണെന്ന കാര്യം മറന്നുകൊണ്ട്, ഒരു വാണിജ്യവസ്തുവാക്കി മാറ്റിയതിന് ഞങ്ങളോട് ക്ഷമിക്കണമേ. അതിർത്തികളില്ലാത്ത ഒരു അവകാശവും, അങ്ങയുടെ എല്ലാ മക്കൾക്കും വേണ്ടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതുമായ ദാനമാണത്.
ശുദ്ധജലത്തിന്റെ അഭാവത്തിൽ കഴിയുന്ന അനേകം സഹോദരീസഹോദരന്മാരെ, അത് കണ്ടെത്തുന്നതിനായി നിരവധി മൈലുകൾ നടക്കേണ്ടിവരുന്നവരെ, അതിന്റെ ദൗർലഭ്യം മൂലം രോഗബാധിതരാകുന്നവരെ, ഞങ്ങൾ വേദനയോടെ കാണുന്നു. അങ്ങയുടെ ആത്മാവ് ഞങ്ങളെ അത്യാവശ്യ കാര്യങ്ങളുടെ തീർത്ഥാടകരാക്കട്ടെ. ഭൂമിയുടെ വിഭവങ്ങളെ വിലമതിക്കാനും സംരക്ഷിക്കാനും സാധിക്കട്ടെ- പാപ്പ വീഡിയോയില്‍ പ്രാര്‍ത്ഥിച്ചു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️















