India - 2026
വരാപ്പുഴ അതിരൂപതയുടെ നൂറ്റിഅൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം
പ്രവാചകശബ്ദം 03-09-2026 - Thursday
കൊച്ചി: വരാപ്പുഴ അതിരൂപതയായി ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയാകുന്ന സെപ്റ്റംബർ ഒന്നിന്, 2036-ൽ 150-ാം വാർഷികം ആഘോഷിക്കുന്നതിനായുള്ള പത്തുവർഷം നീളുന്ന പരിപാടികൾക്ക് തുടക്കമായി. 1659-ൽ അലക്സാണ്ടർ ഏഴാമൻ പാപ്പ മലബാർ ക്രൈസ്തവരെ ഒന്നാകെ 'മലബാർ വികാരിയാത്ത്' എന്ന കത്തോലിക്കാ ഭരണ സംവിധാനത്തിൽ പുനർനിർണയിച്ചിരിന്നു. 'അപ്പസ്തോലിക് വികാരി' യായി ബിഷപ്പ് ജോസഫ് സെബസ്ത്യാനി, മലബാർ വികാരിയാത്തിന്റെ പ്രഥമ സാരഥിയായി നിയമിതനായി. അന്നത്തെ യാത്രാ സൗകര്യമനുസരിച്ച് വരാപ്പുഴയായി നിര്‍ണ്ണയിക്കുകയും മലബാർ വികാരിയാത്തിന്റെ ആസ്ഥാനം 1709-ൽ വരാപ്പുഴ വികാരിയാത്ത് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.
1886-ൽ വരാപ്പുഴ വികാരിയാത്ത് വരാപ്പുഴ അതിരൂപതയായി ഉയർത്തപ്പെട്ടു. വരാപ്പുഴ വികാരിയാത്തിന്റെ കീഴിലായിരുന്ന സുറിയാനിക്കാർക്കു വേണ്ടി കോട്ടയം, തൃശ്ശൂർ സുറിയാനി വികാരിയാത്തുകളും സ്ഥാപിതമായി. ഉദയംപേരൂർ സൂനഹദോസു മുതൽ ആരംഭിച്ച കത്തോലിക്ക വിശ്വാസ പാരമ്പര്യത്തിൽ, 1886-ൽ ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ പാപ്പ "ഹുമാനേ സലൂത്തിസ് ഔക്തോർ" എന്ന തിരുവെഴുത്തുവഴി, സെപ്റ്റംബർ ഒന്നിന് വരാപ്പുഴ അതിരൂപത കേരളസഭയിൽ ജന്മം കൊള്ളുകയായിരിന്നു. വരാപ്പുഴ അതിരൂപതയുടെ 140 -ാം വർഷ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.

















