News

ദയാവധ ബില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് രണ്ടാം വട്ടവും തള്ളി: അഭിനന്ദനവുമായി കത്തോലിക്ക ഡോക്ടര്‍മാര്‍

പ്രവാചകശബ്ദം 03-12-2021 - Friday

ലിസ്ബണ്‍: മാരക രോഗമുള്ളവര്‍ക്ക് ഡോക്ടറിന്റെ സഹായത്തോടെ ജീവന്‍ അവസാനിപ്പിക്കുവാന്‍ (ദയാവധം) അനുവാദം നല്‍കുന്ന ബില്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബേലോ ഡെ സോസാ തന്റെ നിഷേധാധികാരം (വീറ്റോ) ഉപയോഗിച്ച് രണ്ടാം വട്ടവും തള്ളിക്കളഞ്ഞു. വീറ്റോ അധികാരത്തിലൂടെ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുക്കപ്പെടുന്നതു വരെ നിയമനിര്‍മ്മാണം നീട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. മാരകരോഗാവസ്ഥകളെ കുറിച്ച് ബില്ലിലുള്ള വിവരണം വൈരുദ്ധ്യം നിറഞ്ഞതാണെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട പ്രസിഡന്റിന്റെ വീറ്റോ അറിയിപ്പില്‍ പറയുന്നു.

നിയമഭേദഗതി വരുത്തുന്നതിനോ, പ്രസിഡന്റിന്റെ വീറ്റോയെ മറികടക്കുന്നതിനോ പാര്‍ലമെന്റിന് സാധിക്കുമെങ്കിലും ജനുവരി 30-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പായി നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുമെന്നതിനാല്‍ ഇനി അതിനുള്ള സമയമില്ലായെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ദയാവധം അനുവദിച്ചു കൊണ്ടുള്ള ബില്‍ ആദ്യമായി പോര്‍ച്ചുഗീസ് പാര്‍ലമെന്റ് പാസ്സാക്കുന്നത്. എന്നാല്‍ നിയമത്തിലെ നിരവധി വ്യക്തതയില്ലാത്ത കാര്യങ്ങളെ കുറിച്ച് പരിശോധിക്കുവാന്‍ ഭരണഘടനാ കോടതിയോട് ആവശ്യപ്പെടുകയാണ് റെബേലോ ഡെ സോസ ചെയ്തത്.

പ്രസിഡന്റിന്റെ ആവശ്യം അംഗീകരിച്ച കോടതി, മരിക്കുവാനുള്ള അവകാശം എപ്പോള്‍ നല്‍കണമെന്നതിനെ കുറിച്ചുള്ള ബില്ലിലെ അവ്യക്തതയില്ലായ്മ ചൂണ്ടിക്കാട്ടിക്കൊണ്ട് ബില്‍ തള്ളിക്കളഞ്ഞിരിന്നു. കോടതിയുടെ ആശങ്കകള്‍ പരിഗണിച്ച് അതനുസരിച്ചുള്ള ഭേദഗതികള്‍ വരുത്തിയ ശേഷം കഴിഞ്ഞ മാസം പാര്‍ലമെന്റ് ബില്ലിന് വീണ്ടും അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ ‘മാരക രോഗങ്ങള്‍’, ‘ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയാത്ത രോഗങ്ങള്‍’, ‘ഗുരുതരമായ രോഗങ്ങള്‍’ തുടങ്ങി നിരവധി പദപ്രയോഗങ്ങളാണ് മരിക്കുവാനുള്ള അനുവാദം നല്‍കേണ്ട സാഹചര്യത്തേക്കുറിച്ച് ബില്ലില്‍ ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കടുത്ത യാഥാസ്ഥിതികനായ റെബേലോ ഡെ സോസ ബില്‍ വീണ്ടും പാര്‍ലമെന്റിന് തിരിച്ചയക്കുകയാണ് ഉണ്ടായത്.

അതേസമയം ദയാവധ നിയമം വീറ്റോ ചെയ്ത പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയോട് പോർച്ചുഗീസ് കാത്തലിക് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (എഎംസിപി) നന്ദി പറഞ്ഞു. ആരോഗ്യപ്രവർത്തകർ എന്ന നിലയിൽ "മരണത്തിന്റെ ഏജന്റുമാരാകാൻ തങ്ങള്‍ക്ക് കഴിയില്ല" എന്ന്‍ ഡോക്ടര്‍മാര്‍ പ്രസ്താവിച്ചു. എല്ലാ സാഹചര്യങ്ങളിലും ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക ഡോക്ടർമാരെന്ന നിലയിൽ, ജീവിതാവസാനം, ദുർബലരായ എല്ലാ രോഗികളെയും പരിപാലിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Related Articles »