News - 2026
16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളുള്ള വത്തിക്കാൻ ലൈബ്രറി വിപുലീകരിക്കുവാൻ പാപ്പയുടെ അനുമതി
പ്രവാചകശബ്ദം 14-09-2026 - Monday
വത്തിക്കാന്‍ സിറ്റി: ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയ്ക്കും അപ്പസ്തോലിക പുരാശേഖരത്തിനും, കൂടുതൽ സ്ഥലവും പുതിയ കെട്ടിടവും അനുവദിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. ഏതാനും വര്‍ഷങ്ങളായി പരിശുദ്ധ സിംഹാസനത്തിന്റെ പുസ്തക ശേഖരത്തിലും അനുബന്ധ സ്ഥാപനങ്ങളുടെ രേഖകളുടെ പ്രസിദ്ധീകരണത്തിലും ഉണ്ടായ ഗണ്യമായ വർദ്ധനവും നിലവിലെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
തന്റെ മുൻഗാമികളുടെ പാത പിന്തുടർന്ന് അപ്പസ്തോലിക സിംഹാസനത്തിന്റെ സാംസ്കാരികവും ഭരണപരവുമായ ചരിത്രം സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ ലെയോ പാപ്പ തീരുമാനിച്ചതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി വത്തിക്കാൻ സിറ്റിയിലെ 'ഫൊന്താന ദെൽ ഔട്ടോപാർക്ക്' പ്രദേശവും അതിനോട് ചേർന്നുള്ള സ്ഥലങ്ങളും നിർദ്ദിഷ്ട പ്ലാൻ പ്രകാരം ആർക്കൈവിനും ലൈബ്രറിക്കുമായി നീക്കിവെച്ചു. നിലവിലെ നിയമങ്ങൾ പാലിച്ചുകൊണ്ട് ഏറ്റവും ആധുനിക വാസ്തുവിദ്യാ-സാങ്കേതിക തത്വങ്ങൾ അനുസരിച്ച് ആർക്കൈവിന്റെയും ലൈബ്രറിയുടെയും ആവശ്യങ്ങൾക്കായി പുതിയ കെട്ടിടം നിർമ്മിക്കാൻ ഉത്തരവിൽ അനുശാസിക്കുന്നുണ്ട്.
1475-ൽ സ്ഥാപിതമായ വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറി ചരിത്രഗ്രന്ഥങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരങ്ങളിലൊന്നാണ്. 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും ഗുട്ടൻബർഗ് അച്ചടികണ്ടുപിടിക്കും മുൻപ്, അതായത് 15-ാം നൂറ്റാണ്ടിനും മുൻപുള്ള കല്ലച്ചിൽ പകർത്തിയെടുക്കപ്പെട്ട 'ഇൻകുനാബുല' എന്നറിയപ്പെടുന്ന പ്രാചീന ഗ്രന്ഥങ്ങളുടെ (incunabula) 9000 പ്രതികളും വത്തിക്കാൻ ഗ്രന്ഥശാലയിലുണ്ട്. 300,000-ത്തിലധികം നാണയങ്ങളും മെഡലുകളും, 150,000-ത്തിലധികം പ്രിന്റുകളും, ആയിരക്കണക്കിന് ഡ്രോയിംഗുകളും കൊത്തുപണികളും, 200,000-ലധികം ഫോട്ടോഗ്രാഫുകളും വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയുടെ മാത്രം പ്രത്യേകതയാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















