News
പുതു പ്രതീക്ഷ പങ്കുവെച്ച് ഇറാഖിലെ ക്രൈസ്തവ യുവജനങ്ങളുടെ സംഗമം
പ്രവാചകശബ്ദം 15-09-2026 - Tuesday
ബാഗ്ദേദ (ഇറാഖ്): ഇറാഖിലെ ക്രൈസ്തവര്‍ തിങ്ങി വസിക്കുന്ന പ്രവിശ്യയായ ക്വാരഘോഷിലെ ബാഗ്ദേദയിൽ നടന്ന ആറാമത് 'ബാഗ്ദേദ യുവജന കലോത്സവ'ത്തിൽ എഴുന്നൂറോളം ക്രൈസ്തവ യുവജനങ്ങള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയും ആത്മീയ ചിന്തകളുമായി മൂന്ന് ദിവസം നീണ്ടുനിന്ന കലോത്സവം സെപ്റ്റംബർ 12-ന് നടന്ന വിശ്വാസ പ്രഘോഷണ റാലിയോടെയാണ് സമാപിച്ചത്. ‘വിശുദ്ധ ഫ്രാൻസിസിന്റെ പാതയിൽ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ യുവജന സംഗമം സംഘടിപ്പിച്ചത്.
മൊസൂളിലെ സിറിയന്‍ കത്തോലിക്കാ രൂപതാധ്യക്ഷൻ ബെനഡിക്റ്റസ് യൂനാൻ ഹന്നോയുടെ നേതൃത്വത്തിലായിരിന്നു ചടങ്ങുകൾ. മുൻ രൂപതാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ യുവജനങ്ങൾക്കൊപ്പം റാലിയിൽ പങ്കുചേർന്നു. ബാഗ്ദേദയിലെ ദൈവമാതാവിന്റെ ദേവാലയത്തിൽ നിന്ന് ആരംഭിച്ച വിശ്വാസ റാലി പരമ്പരാഗത ഓശാന ഞായർ ശുശ്രൂഷാ പാതയിലൂടെ സെന്റ് ജോൺസ് ദേവാലയത്തിലേക്ക് നീങ്ങി.
ക്രിസ്തീയ സ്വാതന്ത്ര്യം, ക്ഷമിക്കാനുള്ള മനസ്സ്, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിത മാതൃക എന്നിവയെക്കുറിച്ച് വിവിധ ക്ലാസുകള്‍ നടന്നു. പരിപാടിയ്ക്കിടെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരാക്രമണത്തിൽ തകർക്കുകയും പിന്നീട് പുനരുദ്ധരിക്കപ്പെടുകയും ചെയ്ത മൊസൂളിലെ പുരാതന ദേവാലയങ്ങൾ യുവജനങ്ങള്‍ സന്ദർശിച്ചു. വർഷങ്ങളോളം ക്രൈസ്തവ കൂട്ടക്കൊലകള്‍ക്കും പലായനങ്ങൾക്കും ഇരയായ ഇറാഖിലെ നിനവേ താഴ്‌വരയിൽ ക്രൈസ്തവ സാന്നിധ്യത്തിന്റെയും പ്രതീക്ഷയുടെയും അടയാളമായിരിന്നു ഈ യുവജന സംഗമം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















