News

ദൈവകൃപയ്ക്കും നിത്യജീവനും മുന്നിലെ ഏക തടസ്സം പാപം: ലെയോ പാപ്പ

പ്രവാചകശബ്ദം 28-09-2026 - Monday

ലൂര്‍ദ്: ദൈവത്തിന്റെ സ്നേഹവും നിത്യജീവനിലേക്ക് നയിക്കുന്ന കൃപയും അനുഭവിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഒരേയൊരു കാര്യം 'പാപം' ആണെന്ന് ലെയോ പാപ്പ. സെപ്റ്റംബർ 27 ഞായറാഴ്ച ലൂർദ്ദിൽ ഒത്തുചേർന്ന വിശ്വാസി സമൂഹത്തിന് ഒപ്പം വിശുദ്ധ ബലിയർപ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പാപം മൂലം നാം ദൈവത്തെ നിരാകരിക്കുകയും സ്വന്തം അന്ധകാരത്തിൽ അടച്ചിരുന്ന് നമ്മളിലേക്ക് തന്നെ തിരിയുകയും ചെയ്യുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അതിനാൽ, ഇവിടെ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തം പ്രസക്തമാണ്; അതൊരു വലിയ ഉത്തരവാദിത്തമാണ്. സ്നേഹത്തിന് സ്വാതന്ത്ര്യം അനിവാര്യമായതുകൊണ്ട് ദൈവം നമുക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ആരെയും സ്നേഹിക്കാൻ നിർബന്ധിക്കാനാവില്ല. അതിനാൽ, പരിശുദ്ധ മറിയത്തെപ്പോലെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട്, ക്രിസ്തുവിനെ സ്വീകരിക്കാൻ (അവിടുത്തേക്ക് 'അതെ' എന്ന് പറയാൻ) നാം നമ്മുടെ സ്വാതന്ത്ര്യം വിനിയോഗിക്കണം. 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാർത്ഥനയിൽ നാം ചൊല്ലുന്നതുപോലെ "ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും" നമ്മുടെ അവസാന ശ്വാസം വരെയും നാം ആവർത്തിക്കേണ്ട ഒരു 'അതെ' ആണത്. പരിശുദ്ധ അമ്മയെപ്പോലെ, ക്രിസ്തുവിന്റെ ഹിതത്തിനുള്ള സമ്മതമേകൽ ജീവിതകാലം മുഴുവൻ പുതുക്കിക്കൊണ്ടിരിക്കേണ്ട ഒന്നാണെന്നും പാപ്പ പറഞ്ഞു.

ലൂർദ്ദിൽ ദൈവമാതാവ് മുന്നോട്ടുവയ്ക്കുന്ന അനുതാപത്തിനുള്ള ക്ഷണം പരാമർശിച്ച പാപ്പ, ഇത് നമ്മുടെ മാത്രം മാറ്റത്തിനായുള്ള പശ്ചാത്താപമല്ല, പാപികൾക്കുവേണ്ടിയും, തിന്മയിലൂടെ നടക്കുന്ന ലോകത്തിനും വേണ്ടിയുള്ള പശ്ചാത്താപമാണെന്ന് ഓർമ്മിപ്പിച്ചു. ലോകത്തെ മാറ്റാനുള്ള ശ്രമം ആദ്യം സ്വന്തം ഹൃദയത്തിന്റെ പരിവർത്തനത്തിൽ നിന്നുതന്നെ ആരംഭിക്കണം. പശ്ചാത്താപം ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രവർത്തിയാണെന്നും പാപ്പ പറഞ്ഞു.

പരിവർത്തനത്തിന്റെ ആവശ്യകത സഭയ്ക്കും ബാധകമാണെന്ന് ഓർമ്മിപ്പിച്ച ലെയോ പാപ്പ, സഭ തന്റെ തന്നെ തെറ്റുകളും അവിശ്വസ്തതകളും വേദനാജനകമായ വീഴ്ചകളും വിനയത്തോടെ അംഗീകരിച്ച് കർത്താവിന്റെ ശുദ്ധീകരിക്കുന്ന നോട്ടത്തിന് മുന്നിൽ നിൽക്കേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. ഫ്രാൻസിലെ വിവിധ രൂപതകളിൽനിന്നും പ്രവിശ്യകളിൽനിന്നും എത്തിയ തീർത്ഥാടകരുടെ ഭവനങ്ങളിലും ഇടവകകളിലും വിശ്വാസത്തിന്റെ ജ്വാല വീണ്ടും തെളിയട്ടെയെന്നും, ലൂർദ്ദിന്റെ ആശ്വാസം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »