News

ആഗോള തലത്തില്‍ പത്തു ലക്ഷം കുരുന്നുകളുടെ ജപമാല; പങ്കുചേര്‍ന്ന് പാപ്പയും

പ്രവാചകശബ്ദം 02-10-2026 - Friday

വത്തിക്കാൻ സിറ്റി: ലോകമെമ്പാടും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടുവാന്‍ വത്തിക്കാൻ ഉദ്യാനത്തിലെ ലൂർദ് ഗ്രോട്ടോയിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക ജപമാല പ്രാർത്ഥന സംഘടിപ്പിച്ചു. ആഗോള കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചർച്ച് ഇൻ നീഡ്' സംഘടിപ്പിച്ച വാർഷിക പ്രാർത്ഥനാ യജ്ഞത്തിന്റെ ഭാഗമായി റോമിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഇടവകകളിൽ നിന്നുമെത്തിയ നൂറുകണക്കിന് കുട്ടികൾ പ്രാർത്ഥനയിൽ പങ്കാളികളായി.

അറബിക്, ഉർദു, ഇറ്റാലിയൻ, ജർമ്മൻ, സ്പാനിഷ് തുടങ്ങി വിവിധ അന്താരാഷ്ട്ര ഭാഷകളിലാണ് കുട്ടികൾ ഓരോ രഹസ്യത്തിലും പ്രാർത്ഥനകൾ ചൊല്ലിയത്. സാംസ്കാരികവും ഭാഷാപരവുമായ അതിർവരമ്പുകൾക്കപ്പുറം കുരുന്നുകള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേർന്നത് ശ്രദ്ധേയമായി. ക്രിസ്തീയ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായ കർദ്ദിനാൾ കുർട്ട് കോച്ച് ജപമാലയ്ക്കു മുന്നോടിയായി സന്ദേശം നൽകി. ലോകം നേരിടുന്ന അശാന്തികൾക്കും യുദ്ധക്കെടുതികൾക്കും പരിഹാരമായി പ്രാർത്ഥനയുടെ ശക്തിയെ മുറുകെപ്പിടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ജപമാലയ്ക്ക ശേഷം ലെയോ പാപ്പ സന്ദേശം നല്‍കി. ജപമാല സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്കും മാതാപിതാക്കൾക്കും വൈദികർക്കുമൊപ്പം ആയിരിക്കാൻ സാധിച്ചതിലുള്ള സന്തോഷത്തെക്കുറിച്ചും പാപ്പ പറഞ്ഞു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് സമാധാനം എന്ന "പ്രത്യേക സമ്മാനം" യേശുവിനോടും മറിയത്തോടും ചോദിക്കുകയാണെന്ന് പാപ്പ പറഞ്ഞു. ജപമാലയെ എല്ലാവർക്കും ചൊല്ലാവുന്ന ലളിതമായ പ്രാർത്ഥന എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജപമാലയിലെ ഓരോ രഹസ്യത്തിന്റെയും തുടക്കത്തിൽ കുട്ടികൾ സമർപ്പിച്ച പൂക്കളെ സ്നേഹത്തിന്റെ അടയാളം എന്ന് വിശേഷിപ്പിച്ചു.

കുരുന്നുകളുടെ നിഷ്കളങ്കമായ പ്രാർത്ഥനകൾ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണെന്നും, സ്നേഹത്തിലും സൽപ്രവൃത്തികളിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ യഥാർത്ഥ സമാധാനം കൈവരിക്കാൻ സാധിക്കൂവെന്നും പാപ്പ പറഞ്ഞു. ഒക്ടോബർ 1-7വരെയുള്ള ദിനങ്ങളില്‍ വത്തിക്കാൻ ഉദ്യാനത്തിൽ സന്നിഹിതരായിരിക്കുന്നവർ മാത്രമല്ല ഏകദേശം പത്തുലക്ഷത്തോളം കുരുന്നുകള്‍ ലോകത്തിന്റെ നാനാദേശങ്ങളില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

പത്തു ലക്ഷം കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ ലോകം മുഴുവൻ മാറിമറിയും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളിൽ നിന്ന് പ്രചോദനം സ്വീകരിച്ച് രൂപമെടുത്തിട്ടുള്ളതാണ് വൺ മില്യൻ ചിൽഡ്രൻ പ്രേയിംങ് ദ റോസറി എന്ന ക്യാമ്പെയിന്‍. മാർപാപ്പയുടെ വേൾഡ് വൈഡ് പ്രെയർ നെറ്റ്വർക്കിൻ്റെയും വേൾഡ് അപ്പസ്തോലേറ്റ് ഓഫ് ഫാത്തിമായുടെയും ഔദ്യോഗികമായ പിന്തുണ പരിപാടിക്കുണ്ട്. ജപമാല മാസത്തിന് തുടക്കമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയജ്ഞം നടന്നുവരികയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »