News
ഐറിഷ് ദേവാലയത്തില്‍ ജപമാല പ്രാർത്ഥനയ്ക്കിടെ സ്ത്രീയ്ക്കു കുത്തേറ്റു
പ്രവാചകശബ്ദം 22-07-2026 - Wednesday
ട്രാമോർ (അയർലണ്ട്): അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിലെ ട്രാമോറില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തില്‍ ജപമാല പ്രാർത്ഥനയ്ക്കിടെ സ്ത്രീയ്ക്കു കുത്തേറ്റു. ഇന്നലെ രാവിലെ 10 മണിയോടെ ഹോളി ക്രോസ് ദേവാലയത്തിൽ നടന്ന ജപമാല പ്രാർത്ഥനയ്ക്കിടെയാണ് കത്തിക്കുത്ത് ആക്രമണമുണ്ടായിരിക്കുന്നത്. അൻപതു വയസ്സുള്ള സ്ത്രീയ്ക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ഇവരെ ഉടൻ വാട്ടർഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് അധികൃതർ നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഐറിഷ് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് പിടിച്ചെടുത്ത കത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. പ്രദേശത്തെ ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ച ആക്രമണത്തില്‍ ഭരണ പ്രതിപക്ഷ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാവരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദേവാലയങ്ങൾ സമാധാനവും ആശ്വാസവും അഭയവും തേടിയെത്തുന്ന വിശ്വാസികളുടെ ഇടമാണെന്നും, അവിടെ നടന്ന ഈ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി ജോൺ കമ്മിൻസ് പറഞ്ഞു. പരിക്കേറ്റ സ്ത്രീയ്ക്കും കുടുംബത്തിനും പ്രാർത്ഥനയും പിന്തുണയും അറിയിച്ച അദ്ദേഹം, സംഭവത്തെക്കുറിച്ച് വിവരമുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
വാട്ടർഫോർഡ് എംപി ഡേവിഡ് കുലിനേനും സംഭവം അതീവ ദുഃഖകരവും വേദനാജനകവുമാണ് എന്ന് പ്രതികരിച്ചു. പരിക്കേറ്റ സ്ത്രീയ്ക്കും കുടുംബത്തിനുമൊപ്പമാണ് തന്റെ പ്രാർത്ഥനകളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കു നേരെ ആക്രമണങ്ങളും ദേവാലയ നശീകരണ സംഭവങ്ങളും വർദ്ധിച്ചുവരുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ട്രാമോറിലെ പുതിയ സംഭവവും ആശങ്കകൾക്ക് കൂടുതൽ ആക്കം കൂട്ടുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















