India
മോൺ. തോമസ് ആനിമൂട്ടില്‍ അഭിഷിക്തനായി
പ്രവാചകശബ്ദം 02-10-2026 - Friday
കോട്ടയം: നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മോൺസിഞ്ഞോർ തോമസ് ആനിമൂട്ടിലിൻ്റെ മെത്രാഭിഷേകം നടന്നു. ഇന്ന് ഒക്ടോബർ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ മെത്രോപ്പോലീത്തൻ ദേവാലയത്തില്‍ നടന്ന മെത്രാഭിഷേ ശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ്ലാനി എന്നിവർ സഹകാർമികരായിരിന്നു. ശുശ്രൂഷകളിൽ ഭാരതത്തിലെ വിവിധ കത്തോലിക്ക രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും അൻപതിലധികം മേലദ്ധ്യക്ഷന്മാരും ഇതര പ്രമുഖ വ്യക്തികളും പങ്കെടുത്തു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി പ്രസിഡന്റുമായ ഡോ. വർഗീസ് ചക്കാലക്കൽ സന്ദേശം നൽകി.
തുടർന്ന് മാർ തോമസ് ആനിമൂട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരികരംഗത്തെ പ്രമുഖർ, വൈദികർ, സന്യസ്തർ, അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള പ്രതിനിധികൾ, യുവജനങ്ങൾ, അതിരൂപതയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പടെ ആയിരകണക്കിന് ആളുകള്‍ ശുശ്രൂഷകളിൽ ഭാഗഭാക്കായി.

















