News
സമാധാനത്തിനും അനുരഞ്ജനത്തിനും ആഹ്വാനവുമായി എത്യോപ്യന്‍ കത്തോലിക്ക മെത്രാൻ സമിതി
പ്രവാചകശബ്ദം 03-10-2026 - Saturday
അഡിസ് അബാബ: ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ എത്യോപ്യയിൽ സമാധാനത്തിനും അനുരഞ്ജനത്തിനും ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാൻ സമിതി. സായുധ പോരാട്ടങ്ങൾ നിലവിലെ പ്രതിസന്ധികളെ കൂടുതൽ വഷളാക്കുകയാണെന്നും അക്രമങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിരപരാധികളെയാണെന്നും മെത്രാന്മാർ ചൂണ്ടിക്കാട്ടി. രാജ്യത്ത് യഥാർത്ഥവും ശാശ്വതവുമായ സമാധാനം സംജാതമാകുന്നതിനായി പരസ്പര സാഹോദര്യം വീണ്ടെടുക്കാനും ക്ഷമയോടെ അനുരഞ്ജനത്തിന്റെ പാത തുറക്കാനും സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളോടും സഭ അഭ്യർത്ഥിച്ചു.
ടൈഗ്രെ, അഫാർ, അംഹാറ, ഒറോമിയ തുടങ്ങിയ മേഖലകളിൽ തുടരുന്ന സായുധ പോരാട്ടങ്ങളിൽ സഭാനേതൃത്വം ദുഃഖം രേഖപ്പെടുത്തി. യുദ്ധം ഭിന്നതകൾ പരിഹരിക്കില്ലെന്നും മറിച്ച് അവയെ കൂടുതൽ ആഴത്തിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സംഘർഷങ്ങൾ അനേകം മനുഷ്യജീവനുകൾ കവരുകയും സമൂഹങ്ങളെ തകർക്കുകയും തലമുറകളോളം നിലനിൽക്കുന്ന വിദ്വേഷവും പ്രതികാരചിന്തയും വിതയ്ക്കുകയും ചെയ്യുകയാണ്. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളും അടങ്ങുന്ന നിസ്സഹായരായ ജനവിഭാഗങ്ങളാണ് അക്രമത്തിന്റെ ഏറ്റവും വലിയ ഇരകളാകുന്നത്.
സംഘർഷങ്ങൾക്ക് വിരാമമിട്ട് സത്യസന്ധമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ലെയോ പാപ്പ നടത്തിയ ആഹ്വാനത്തെ എത്യോപ്യൻ മെത്രാൻ സമിതി പൂർണ്ണമായി പിന്തുണച്ചു. രാജ്യത്തിന്റെ സമാധാനം എല്ലാവരുടെയും പൊതുവായ ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരുടെ ജീവനെയും വേദനകളെയും നമ്മുടേതായി കാണാൻ സമൂഹം തയ്യാറാകണമെന്നും സമിതി ആഹ്വാനം ചെയ്തു. എത്യോപ്യയുടെ വടക്കൻ പ്രദേശങ്ങളിലുണ്ടായ വിവിധ ആക്രമണങ്ങളിലായി നിരവധി കുട്ടികൾ കൊല്ലപ്പെട്ടതായും അനേകർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ തങ്ങൾക്ക് ലഭിച്ചതായും യൂണിസെഫ് അറിയിച്ചിരിന്നു. എത്യോപ്യയിലെ ടൈഗ്രെ, അഫാർ, അംഹാറ മേഖലകൾ ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലാണ് സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















