News - 2024
സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസിലേക്ക് ഭാരതത്തില്‍ നിന്നും ആദ്യമായി നാലു കന്യാസ്ത്രീകള്‍
സ്വന്തം ലേഖകന്‍ 14-10-2016 - Friday
ഭുവനേശ്വര്‍: ഇറ്റലിയില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ കോണ്‍ഗ്രിഗേഷനായ 'സിസ്‌റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്' സഭയിലേക്ക് ആദ്യമായി നാലു ഭാരതീയ വനിതകള്‍ നിത്യവൃത വാഗ്ദാനം നടത്തി. ഒഡീഷയിലെ ജാർസുഗുദ ജില്ലയിലാണ് ചടങ്ങുകള്‍ നടന്നത്. സിസ്റ്ററുമാരായ ലീന ബിലൂംഗ്, കോര്‍ഡൂല ബിലൂംഗ്, ഉഷ ടീറ്റി, രാജ്കിഷോറി സോറംഗ് എന്നിവരാണ് ഭാരതത്തില്‍ നിന്നും ആദ്യമായി സിസ്റ്റേഴ്സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസിലേക്ക് ചേര്‍ന്നത്. ഈ സഭയിലേക്ക് എഷ്യയില്‍ നിന്ന്‍ ആദ്യമായി ചേരുന്ന കന്യാസ്ത്രീകള്‍ കൂടെയാണ് ഇവര്‍.
കോക്സ് കോളനിയിലെ സെന്റ് അര്‍നോള്‍ഡ് ദേവാലയത്തിലാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. കട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബിഷപ്പുമാരായ നിരഞ്ചന്‍ സുവാല്‍ സിംഗ്, മാര്‍ ലൂക്കാസ് കെര്‍കീട്ട, മാര്‍ അല്‍ഫോണ്‍സ് ബിലൂംഗ് എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മ്മികരായിരുന്നു.
നിരവധി വൈദികരും, കന്യാസ്ത്രീകളും, വിശ്വാസികളും ചടങ്ങില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. ഭാരതത്തില്‍ നിന്നും ആദ്യമായി സിസ്റ്റേഴ്സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് സഭയിലെ അംഗങ്ങളാകുവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് വൃതവാഗ്ദാനം നടത്തിയ കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബര്‍വയും മറ്റു ബിഷപ്പുമാരും ചടങ്ങില്‍ സംബന്ധിക്കുവാന്‍ എത്തിയതിലും തങ്ങള്‍ ഏറെ സന്തോഷവതികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
1889-ല്‍ വാഴ്ത്തപ്പെട്ട മരിയ ഷിനിനിയ അരിസോയാണ് സിസ്‌റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. ആരംഭകാലം മുതല്‍ സിസ്റ്റേഴ്‌സ് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ രോഗികള്‍ക്കും, അശരണര്‍ക്കും, ആലംബഹീനര്‍ക്കും സാന്ത്വനമാകുന്നുണ്ട്.