News - 2024
ദൈവമാതാവിനെ അപമാനിക്കുന്ന എസ്റ്റോണിയന്‍ ദേശീയ മ്യൂസിയത്തിലെ നിര്‍മ്മിതിക്കെതിരെ പ്രതിഷേധം ശക്തം; ഓണ്‍ലൈന്‍ പെറ്റീഷനില്‍ നിങ്ങളുടെ ഒപ്പും രേഖപ്പെടുത്താം
സ്വന്തം ലേഖകന്‍ 15-10-2016 - Saturday
ടാര്‍ടൂ: എസ്റ്റോണിയായുടെ ദേശീയ മ്യൂസിയത്തില്‍ പരിശുദ്ധ അമ്മയെ അപമാനിക്കുന്ന തരത്തിലുള്ള വിര്‍ച്വല്‍ നിര്‍മ്മിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അടുത്തിടെ പുനര്‍നിര്‍മ്മിച്ച ദേശീയ മ്യൂസിയത്തില്‍ പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസത്തെ സൂചിപ്പിക്കുന്നതിനായി സ്ഥാപിച്ച നിര്‍മ്മിതിയിലാണ് ദൈവമാതാവിനെ അപമാനിക്കുന്ന ചിത്രീകരണം നടത്തിയിരിക്കുന്നത്.
മാതാവിന്റെ വിര്‍ച്വല്‍ രൂപം ഒരു ചില്ലിട്ട നിര്‍മ്മിതിക്കുള്ളിലായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ താഴ് ഭാഗത്ത് ആളുകള്‍ക്ക് കാലുകൊണ്ട് ചവിട്ടുവാന്‍ ഒരു സ്ഥലവും നല്‍കിയിരിക്കുന്നു. ഇതില്‍ ചവിട്ടുമ്പോള്‍ മാതാവിന്റെ രൂപം തകരുകയും 'നവോത്ഥാനം' എന്നു എഴുതി കാണിക്കുകയും ചെയ്യും. ഇത്തരത്തിലാണ് പ്രദര്‍ശന വസ്തു ക്രമീകരിച്ചിരിക്കുന്നത്.
പ്രൊട്ടസ്റ്റന്‍ഡ് വിശ്വാസത്തിന്റെ പുരോഗമനത്തെ കാണിക്കുവാനാണ് ഇത്തരം ഒരു പ്രദര്‍ശനം മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. അതിനെ കലാപരമായ ഒരു സൃഷ്ടിയായി മാത്രം നോക്കിയാല്‍ മതിയെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍, മാതാവിനെ അപമാനിക്കുന്ന ഇത്തരം ഒരു പ്രവര്‍ത്തിയെ ഒരു കാരണത്താലും ന്യായീകരിക്കുവാന്‍ സാധിക്കില്ലെന്ന് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയുടെ ആര്‍ച്ച് ബിഷപ്പ് ഉര്‍മാസ് വില്‍മ പ്രതികരിച്ചു. വിഷയത്തിലെ തന്റെ ശക്തമായ പ്രതിഷേധം ഫേസ്ബുക്കിലൂടെ അദ്ദേഹം തുറന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
"സാങ്കേതികമായി മാത്രം നോക്കിയാല്‍ വെറും ഒരു കലാസൃഷ്ടിയാണ് ഇതെന്ന് എല്ലാവര്‍ക്കും തോന്നും. എന്നാല്‍ അത് അങ്ങനെയുള്ള ഒന്നല്ല. ക്രൈസ്തവര്‍ക്ക് ദൈവമാതാവിനെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം ഒരു സൃഷ്ടിയോട് പൊരുത്തപ്പെടുവാന്‍ സാധിക്കില്ല. ലോകത്തുള്ള വിവധ സഭകള്‍ ക്രിസ്തുവിന്റെ മാതാവിന് നല്‍കുന്ന പ്രാധാന്യത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം".
"എന്നിരുന്നാലും, യേശുക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ച മറിയം പരിശുദ്ധയും, കന്യകയുമാണ്. ഈ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനാല്‍ തന്നെ ഇത്തരം ഒരു പ്രദര്‍ശന വസ്തു എല്ലാവരുടെയും ഹൃദയങ്ങളില്‍ വേദനയുണ്ടാക്കും". ആര്‍ച്ച് ബിഷപ്പ് ഉര്‍മാസ് വില്‍മ പറഞ്ഞു.
എസ്റ്റോണിയായുടെ പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്ററി പാര്‍ട്ടി അംഗവുമായ മാര്‍ട്ട് ഹെല്‍മെയും സംഭവത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. 1990-ല്‍ റഷ്യന്‍ അംബാസിഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മാര്‍ട്ട്. എസ്റ്റോണിയക്കാരുടെ ഹൃദയത്തില്‍ കനത്ത വേദനയാണ് ഈ പ്രവര്‍ത്തി ഉണ്ടാക്കിയിരിക്കുന്നതെന്നും മാര്‍ട്ട് പറഞ്ഞു.
'അമേരിക്ക നീഡ്‌സ് ഫാത്തിമ' പോലെയുള്ള നിരവധി സംഘടനകള്‍ എസ്‌റ്റോണിയായില്‍ നടക്കുന്ന ഹീനമായ പ്രവര്‍ത്തിക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധം വ്യാപിപ്പിക്കുവാനാണ് ഇവരുടെ തീരുമാനം. പരിശുദ്ധ അമ്മയെ അപമാനിക്കുന്ന ഈ എക്സിബിഷന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്റ്റോണിയന്‍ നാഷ്ണല്‍ മ്യൂസിയത്തിന്റെ അസിസ്റ്റന്‍റ് സെക്രട്ടറിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ നിരവധി ആളുകള്‍ ഇതിനോടകം തന്നെ പങ്കാളികളായിട്ടുണ്ട്.
** നിവേദനത്തില്‍ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക